‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ഭരണഘടന ഉയർത്തിപ്പിടിച്ച് വേടന്റെ ആസാദി യാത്ര

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തെ നടത്തിയ പരിപാടിയില്‍ നിന്ന്
കൊച്ചി: വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചതിലെ സന്തോഷം പങ്കുവച്ച് റാപ്പർ വേടനും സംഘവും കൊച്ചിയിൽ ആസാദി യാത്ര സംഘടിപ്പിച്ചു. ഭരണഘടനയും ബി ആർ അംബേദ്കറുടെ ചിത്രവും ഉയർത്തിപ്പിടിച്ചായിരുന്നു പദയാത്ര.
ധർമേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷം പകരുന്നതാണെന്ന് വേടൻ പറഞ്ഞു. ആ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് ആസാദി യാത്ര സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'എത്ര വലിയ ഫാസിസ്റ്റ്, ജനവിരുദ്ധ സർക്കാരായാലും വിദ്യാർഥികളുടെയും ജനാധിപത്യ വിശ്വാസികളുടെയും മുന്നിൽ മുട്ടുമടക്കേണ്ടിവരുമെന്നതിന്റെ തെളിവാണ് ധർമേന്ദ്ര പ്രധാന്റെ രാജി. രാജ്യത്തെ യുവതലമുറയ്ക്ക് വ്യക്തമായ രാഷ്ട്രീയബോധമുണ്ടെന്ന് തെളിയിച്ച സമരപരമ്പരയായിരുന്നു ഡൽഹിയിലേത്' വേടൻ പറഞ്ഞു.
പുതിയ തലമുറയ്ക്ക് രാഷ്ട്രീയമില്ലെന്ന പ്രചാരണത്തെ തകർത്താണ് വിദ്യാർഥികൾ നയിച്ച സമരം വിജയത്തിലെത്തിയത്. ജനങ്ങളുടെ സംഘടിത പോരാട്ടത്തിന് മുന്നിൽ ഭരണകൂടം വഴങ്ങേണ്ടിവരുമെന്ന് ഈ പ്രക്ഷോഭം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നേരത്തേ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയുമായി ബന്ധപ്പെട്ട് കേസെടുത്തതിലും വേടൻ പ്രതികരിച്ചു. പൊതുസ്ഥലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നാണ് തന്റെ നിലപാട്. എന്നാൽ ജനകീയ പോരാട്ടങ്ങൾ പലപ്പോഴും പൊതുഇടങ്ങളിൽത്തന്നെ നടത്തേണ്ടിവരുമെന്നും അതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും വേടൻ കൂട്ടിച്ചേർത്തു.









0 comments