ad
Deshabhimani

യുഎഇയിൽ ഒറ്റ തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം: രണ്ടാംഘട്ടം ജനുവരി ഒന്ന് മുതൽ

Single Use Plastic Ban
വെബ് ഡെസ്ക്

Published on Dec 18, 2025, 12:37 PM | 1 min read

അബുദാബി: യുഎഇയിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിന്റെ രണ്ടാം ഘട്ടം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഘട്ടത്തിൽ കൂടുതൽ നിത്യോപയോ​ഗ ഉത്പ്പന്നങ്ങൾ കൂടി നിരോധന പട്ടികയിൽ ഉൾപ്പെടും.


പ്ലാസ്റ്റിക് കപ്പുകളും ലിഡുകളും, സ്പൂൺ–ഫോർക്ക്–കത്തി–ചോപ്പ്‌സ്റ്റിക്‌സ് അടങ്ങിയ കട്ട്ലറികൾ, പ്ലേറ്റുകൾ, സ്‌ട്രോകൾ, സ്റ്റിററുകൾ, സ്റ്റൈറോഫോം ഭക്ഷണ കണ്ടെയ്‌നറുകൾ എന്നിവയ്‌ക്കൊപ്പം 50 മൈക്രോണിൽ താഴെ കനമുള്ള എല്ലാ ഒറ്റ തവണ ഉപയോഗ ബാഗുകൾക്കും (മെറ്റീരിയൽ ഏതായാലും) കർശന നിയന്ത്രണമുണ്ടാകും.


അതേസമയം, ചില ഇളവുകളും നൽകുന്നുണ്ട്. കയറ്റുമതിക്കായി മാത്രം നിർമ്മിക്കുന്നവ, വ്യക്തമായ ലേബലിംഗ് ഉള്ളതുമായ ഉൽപ്പന്നങ്ങൾ എന്നിവ അനുവദിക്കും. പ്രാദേശിക റീസൈക്കിളിംഗ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.


മരുന്ന് ബാഗുകൾ, മാലിന്യ ബാഗുകൾ, പുതിയ ഭക്ഷണവസ്തുക്കൾ പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത റാപ്പുകൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കുള്ള പുനരുപയോഗ ഷോപ്പിംഗ് ബാഗുകൾ എന്നിവയും ഒഴിവാക്കലുകളിൽ ഉൾപ്പെടും.


2024 ജനുവരിയിൽ ആരംഭിച്ച ആദ്യഘട്ടത്തിൽ രാജ്യവ്യാപകമായി സിംഗിൾ-യൂസ് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, നിർമ്മാണം, വ്യാപാരം എന്നിവ നിരോധിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട നടപടികൾ.


പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കൂട്ടുത്തരവാദിത്തം ആണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ബിസിനസ്സുകാരോടും ഉപഭോക്താക്കളോടും പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home