ഷാർജ പുസ്‌തകോത്സവം; ലൈബ്രറികൾക്ക് 45 ലക്ഷം ദിർഹം പ്രഖ്യാപിച്ചു

ഷാർജ: ഷാർജയിലെ സർക്കാർ ലൈബ്രറികളുടെ ശേഖരം മെച്ചപ്പെടുത്താനായി 45 ലക്ഷം ദിർഹം അനുവദിച്ച് ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ലൈബ്രറി പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം മേളയിലെത്തുന്ന പ്രസാധകരെ പിന്തുണക്കാനും കൂടിയാണ് സഹായം. പുസ്‌തകവ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാനും അറിവിലേക്കുള്ള പ്രവേശനം വിശാലമാക്കാനുള്ള ഷാർജ ഭരണാധികാരിയുടെ ശാശ്വത പ്രതിബദ്ധതയെ അടിവരയിടുന്നതാണ് വാർഷിക ഗ്രാൻഡ്.
ലൈബ്രറികളുടെ നിർണായക പങ്ക് ശക്തിപ്പെടുത്തുന്നതിലൂടെ സംരംഭം വിജ്ഞാനാധിഷ്ഠിത സമൂഹത്തിനുള്ള അടിത്തറയെ ശക്തിപ്പെടുത്തുകയും ഷാർജയുടെ സമഗ്ര സാംസ്‌കാരിക നവോത്ഥാനത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു.
ഷാർജയുടെ പൊതുഇടങ്ങളിലേക്ക് സമകാലിക ചിന്തയും അറിവും കൊണ്ടുവരാനും ശാസ്ത്രീയവും ബൗദ്ധികവുമായ കൃതികൾ ഉപയോഗിച്ച് ലൈബ്രറി ശേഖരങ്ങൾ പുതുക്കുന്നതിനും സഹായം ഉപകരിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്‌ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
വർത്തമാനത്തിലും ഭാവിയിലും സമൂഹത്തിന്റെ പാതയെ നയിക്കുന്നവയാണ് ലൈബ്രറികൾ. അതിന്റെ വിഭവങ്ങൾ വർധിപ്പിക്കുന്നതിനും സാമൂഹ്യപുരോഗതിയോടുള്ള ഉറച്ച പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനും വൈവിധ്യമാർന്ന ശബ്ദങ്ങളിൽനിന്നുള്ള കൃതികൾ പ്രസിദ്ധീകരിച്ചും വിവർത്തനം ചെയ്തും ആഗോള അറിവ് വികസിപ്പിക്കുന്ന പ്രസാധകരുടെ അവശ്യ പ്രവർത്തനങ്ങളുമായി ദൗത്യം യോജിക്കുന്നുവെന്നും അവർ വ്യക്തമാക്കി.








0 comments