അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ പരിസമാപ്തി

ഷാർജ : 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഞായർ തിരശ്ശീല വീഴും. 12 ദിവസത്തെ മേളയിൽ ലക്ഷക്കണക്കിന് ആളുകളാണ് വന്നുചേർന്നത്. വായന പ്രോത്സാഹിപ്പിക്കാനായി കൂടുതൽ പദ്ധതികൾ എമിറേറ്റിൽ പുസ്തകോത്സവത്തിന് ശേഷം ആവിഷ്കരിക്കുന്നുണ്ട്. 118 രാജ്യങ്ങളിലെ 2350 പ്രസാധകരും പ്രദർശകരും ഈ വർഷത്തെ മേളയിൽ പങ്കെടുത്തു. 750 ശില്പശാലകൾ, 3000ത്തിലേറെ സാംസ്കാരിക പരിപാടികൾ, 1200 ലേറെ മറ്റു പരിപാടികൾ എന്നിവയിൽ ഭൂരിഭാഗവും അവസാനിച്ചു. അവസാനനാളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. പ്രഗൽഭരായ നിരവധി എഴുത്തുകാർ അവസാന ദിവസത്തിലും അതിഥികളായി എത്തുന്നുണ്ട്.
മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. സ്കൂളുകളിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച് വിദ്യാർഥി സംഘങ്ങൾ മേളയിലെത്തി. മലയാളത്തിൽ മാത്രമായി 300 ലേറെ പ്രകാശനങ്ങളാണ് പൂർത്തിയായത്. എഴുത്തുകാരായ സച്ചിദാനന്ദൻ, കെ ആർ മീര, ഇ സന്തോഷ്‌കുമാർ എന്നിവർ ബുക്ക് അതോറിറ്റിയുടെ വിശിഷ്ട അതിഥികളായി മലയാളത്തിൽ നിന്ന് എത്തി. ഇവരെ കൂടാതെ മറ്റ് എഴുത്തുകാരും വിവിധ പുസ്തകശാലയുടെ പ്രതിനിധികളായും അല്ലാതെയും എത്തി.
ഡോ. പി കെ പോക്കർ, ഡോ. കെ കെ എൻ കുറുപ്പ്, കെ പി സുധീര, കവി വി. ജി. തമ്പി, റോസി തമ്പി, സജിത മഠത്തിൽ തുടങ്ങി നിരവധി എഴുത്തുകാർ ഇവിടെ എത്തിയിരുന്നു. 101 വനിതകൾ ഒരുമിച്ചു പെണ്ണില്ലം എന്ന പുസ്തക കൂട്ടായ്മക്കു കീഴിൽ 101 പുസ്തകങ്ങൾ പ്രകാശനം ചെയ്തത് ഇത്തവണത്തെ പുതുമയുള്ള പ്രകാശന ചടങ്ങുകളിൽ ഒന്നായിരുന്നു.










0 comments