ഷെയ്ഖ് മുസ്‌തഹൈൽ പള്ളി ഉദ്ഘാടനം ചെയ്തു

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ തഖ വിലായത്തിൽ ഷെയ്ഖ് മുസ്‌തഹൈൽ ബിൻ അഹമ്മദ് അൽ-മഷാനി പള്ളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒമാനിലെ അസിസ്റ്റന്റ് ഗ്രാൻഡ് മുഫ്തി ഡോ. ഷെയ്ഖ് കഹ്ലാൻ ബിൻ നബ്ഹാൻ അൽ ഖറൂസിയുടെ നേതൃത്വത്തിൽ പ്രാർഥന നടന്നു.
9123 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് നിർമാണം. പ്രധാന പ്രാർഥന ഹാൾ, വനിതകൾക്കായുള്ള ഹാൾ, വിശാലമായ മുറ്റങ്ങൾ എന്നിവയിലായി 4600 പേർക്കുവരെ ആരാധന നടത്താനാകും. സുസ്ഥിരത ഉറപ്പാക്കാനായി പ്രത്യേക എൻഡോവ്‌മെന്റുകളുടെ പിന്തുണയോടെ ഇമാമിനും ജീവനക്കാർക്കും വേണ്ടിയുള്ള സമർപ്പിത താമസ സൗകര്യവും ഉൾപ്പെടുന്നു.
ഏകദേശം 8000 ശീർഷകം ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് മറ്റൊരു പ്രധാന പ്രത്യേകത. മതഗ്രന്ഥങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം, ജീവചരിത്രം, ശാസ്ത്രജേണലുകൾ, കുട്ടികളുടെ സാഹിത്യം എന്നിവ ശേഖരത്തിലുണ്ട്. സാമൂഹിക ഐക്യവും ഒമാനി ഇസ്ലാമിക വാസ്തുവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദിക്ർ സെഷനുകൾ, ഖുറാൻ പാരായണം, മതപാഠങ്ങൾ എന്നിവയും സംഘടിപ്പിക്കും.








0 comments