സേവനം സഹേൽ വഴി; സിവിൽ ഐഡിയിൽ രക്തഗ്രൂപ്പും ചേർക്കാം

കുവൈത്ത് സിറ്റി : സിവിൽ ഐഡി വിവരങ്ങളിൽ രക്തഗ്രൂപ്പ് ചേർക്കാനുള്ള പുതിയ സേവനം ആരംഭിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പൗരന്മാർക്കും താമസക്കാർക്കുമുള്ള സേവനം സഹേൽ ആപ്പിലൂടെയാണ് ലഭ്യമാക്കിയത്. ഇതുവഴി സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ രക്തഗ്രൂപ്പ് വിവരങ്ങൾ ഡിജിറ്റൽ സിവിൽ ഐഡിയിൽ ഉൾപ്പെടുത്താൻ സാധിക്കും.
സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം. പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് നടപടി. അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ വ്യക്തികളുടെ രക്തഗ്രൂപ്പ് സംബന്ധിച്ച വിവരങ്ങൾ അതിവേഗം ലഭ്യമാകാൻ സംവിധാനം സഹായിക്കും. ഇതുവഴി ചികിത്സാനടപടി വേഗത്തിലാക്കാനും ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും കഴിയും. അടിയന്തര പ്രതികരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments