Deshabhimani

ഡോളർ വാങ്ങിക്കൂട്ടുന്നു; രൂപയെ പിടിച്ചുനിർത്താൻ നെട്ടോട്ടമോടി റിസർവ് ബാങ്ക്

RBI
വെബ് ഡെസ്ക്

Published on Oct 25, 2026, 11:29 AM | 2 min read

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം കനത്ത തകർച്ച നേരിടുന്നതിനിടെ വൻ തോതിൽ ഡോളർ വാങ്ങിക്കൂട്ടി ആർബിഐ. ആഗസ്ത് മാസത്തിൽ മാത്രം 43.26 ബില്യൺ ഡോളറാണ് (4,326 കോടി ഡോളർ) ആർബിഐ സ്പോട്ട് മാർക്കറ്റിൽ നിന്നും വാങ്ങിയത്. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ആർബിഐയുടെ വിശദീകരണം. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണിത്. വെള്ളിയാഴ്ച പുറത്തിറക്കിയ ആർബിഐയുടെ പ്രതിമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.


വിദേശ കറൻസിയിൽ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കിയ (എഫ്സിഎൻആർ-ബി) പ്രത്യേക സ്വാപ് പദ്ധതിയാണ് വൻ തോതിൽ ഡോളർ വാങ്ങാൻ അവസരമുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആ​ഗസ്ത് അവസാനത്തോടെ മൊത്തം പ്രവാസി നിക്ഷേപത്തിൽ, എഫ്‌സിഎൻആർ (ബി) വഴിയുള്ള നിക്ഷേപ വിഹിതം കുത്തനെ ഉയർന്നതായി ആർബിഐ പറയുന്നു. ഇന്ത്യയിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിക്കുന്ന ഡോളർ, ബാങ്കുകളിൽ നിന്ന് ഈ ഡോളറാണ് ആ‌ർബിഐ സ്വാപ് സൗകര്യത്തിൽ വാങ്ങിക്കൂട്ടിയത്.


മൂന്ന് മാസം തുടർച്ചയായി ആർബിഐ ഇത്തരത്തിൽ വിപണിയിൽ നിന്നും ഡോളർ വാങ്ങിയിട്ടുണ്ട്. ജൂലൈയിൽ 1,865 കോടി ഡോളറും ജൂണിൽ 56.10 കോടി ഡോളറും ആർബിഐ വാങ്ങിയിരുന്നു. അതേസമയം, മെയ് മാസത്തിൽ 610 കോടി ഡോളറാണ് പുറത്തേക്കൊഴുകിയത്. ആഗസ്തിൽ മാത്രം ആർബിഐ 7,447 കോടി ഡോളർ വാങ്ങുകയും, 3,120 കോടി ഡോളർ വിൽക്കുകയും ചെയ്തു. നിലവിലെ പ്രതിസന്ധിയിൽ എഫ്‌സിഎൻആർ (ബി) നിക്ഷേപം സഹായകമാകുന്നതിനിടെയാണ് പദ്ധതി അവസാനിപ്പിക്കാൻ ആർബിഐ നീക്കം നടത്തിയത്. ആകർഷകമായ പലിശ വാ​ഗ്ദാനം ചെയ്ത് പ്രവാസി ഇന്ത്യക്കാരുടെ കോടിക്കണക്കിന് നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ ഇന്ത്യയിലേക്കെത്തിച്ചത്.


ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും യുഎസ് ഡോളർ കൂടുതൽ കരുത്താർജിക്കുന്നതുമാണ് ഇന്ത്യൻ രൂപയ്ക്ക് നിരന്തരം കനത്ത തിരിച്ചടിയാകുന്നത്. വിലക്കയറ്റവും ഇറക്കുമതിച്ചെലവ് വർധിക്കുന്നതും വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുകയാണ്. ഇതോടൊപ്പം കാര്യക്ഷമമല്ലാത്ത സാമ്പത്തികനയങ്ങൾ സാധരണക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.


ഹോർമുസിലെ പ്രതിസന്ധിക്കൊപ്പം സൗദിയിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളും ക്രൂഡ് ഓയിൽ വിതരണത്തെ സാരമായി ബാധച്ചിട്ടുണ്ടെ്. എന്നാൽ ക്രൂഡ് വിലയിൽ ഇടിവൊന്നുമുണ്ടായിട്ടില്ല. നിലവിലെ സ്ഥിതി തുടർന്നാൽ രൂപയുടെ മൂല്യത്തിൽ ഇനിയും കനത്ത ഇടിവുണ്ടാകുമെന്ന് ആർബിഐയുടെ റിപ്പോർട്ട് തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഈ റിപ്പോർട്ട് പരസ്യമായി സൂചിപ്പിക്കുന്നത്.


ആ​ഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര ഓഹരി വിപണിയും തളർച്ചയിലാണ്. ഇതിനൊപ്പം അസംസ്കൃത എണ്ണവിലക്കയറ്റവും രൂപയ്ക്ക് മേൽ വലിയ സമ്മർദമാണ് ചെലുത്തുന്നത്. നിലവിൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനവും വിദേശ മൂലധന നിക്ഷേപവും മാത്രമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം നൽകുന്നത്. യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതു മുതൽ രാജ്യത്തെ കയറ്റുമതി മേഖലയും കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home