ജനിച്ചയുടൻ അമ്മ മരിച്ചു; ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിനെ പരിപാലിച്ച് മൃഗശാല ദൗത്യ സംഘം

തിരുവനന്തപുരം : മൃഗശാലയിൽ അമ്മ ഉപേക്ഷിച്ച സിംഹക്കുഞ്ഞുങ്ങളെ പരിപാലിച്ച ദൗത്യ സംഘത്തിന്റെ കരുതലിലേക്ക് പുതിയ അതിഥി. 23ന് രാത്രി ജനിച്ച ഹനുമാൻ കുരങ്ങിന്റെ കുഞ്ഞാണ് ഇത്തവണ ദൗത്യസംഘത്തിന്റെ അടുക്കലെത്തിയത്. ആൺ കുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവ സംബന്ധമായ സങ്കീർണതകളെ തുടർന്ന് തള്ളക്കുരങ്ങ് മരിച്ചു. തുടർന്ന് അവശനിലയിലായ കുഞ്ഞിനെ ഉടൻ തന്നെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റി.
ഇതിനു മുൻപ് അമ്മ ഉപേക്ഷിച്ച സിംഹ കുട്ടികളെ പരിപാലിച്ച ദൗത്യ സംഘം തന്നെയാണ് ഈ കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രത്യേകം തയാറാക്കിയ ഇൻക്യുബേറ്റർ സംവിധാനത്തിലേക്ക് മാറ്റി. ഇപ്പോൾ കുഞ്ഞിന് ഹാൻഡ് ഫീഡിങ് ആരംഭിച്ചിട്ടുണ്ട്. 850 ഗ്രാം ശരീര ഭാരം ഉണ്ട്. കുഞ്ഞ് ആരോഗ്യവാനാണെങ്കിലും ആദ്യ ആഴ്ച വളരെ നിർണായകമാണെന്നും, അതിന് ശേഷം മാത്രമേ കൂടുതൽ ആരോഗ്യനിലയെ കുറിച്ച് പറയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടി പാൽ കുടിക്കാൻ മടി കാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിർബന്ധിച്ച് പാൽ കൊടുക്കുന്നത് അസ്പിറേഷൻ പോലെയുള്ള സങ്കീർണതകൾ ഉണ്ടാക്കാനിടയുണ്ട്. മൂന്ന് മണിക്കൂർ ഇടവിട്ടാണ് ഇപ്പോൾ പാൽ നൽകുന്നത്. അമ്മയുടെ മരണത്തിന്റെ കാരണം പ്രസവത്തെ തുടർന്ന് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടായ രക്തസ്രാവവും അതിനെ തുടർന്നുണ്ടായ കാർഡിയാക് അറസ്റ്റും ആണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിൽ നിരീക്ഷിച്ചതിനുശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കി.








0 comments