Deshabhimani

ചേരാനല്ലൂർ വാഹനാപകടം: വാഹനമോടിച്ചത് ജഡ്ജിയുടെ മകനായ 17 കാരൻ; മരിച്ചയാളുടെ കുടുംബത്തോട് കയർത്ത് ജഡ്ജി

Cheranallur.jpg
വെബ് ഡെസ്ക്

Published on Oct 25, 2026, 12:34 PM | 1 min read

കൊച്ചി: ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനോടിച്ച കാറിടിച്ച് മരിച്ചയാളുടെ കുടുംബത്തോട് കയർത്ത് വാഹന ഉടമയായ ജഡ്ജി. ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിന്റെ മകനായ 17 കാരനാണ് അമിതവേഗത്തിൽ വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയത്.


26 വർഷമായി പ്രദേശത്ത് തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണൻ (55) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. KL 46 F 0333 എന്ന നമ്പറിലുള്ള ബെൻസ് കാറാണ് അമിതവേഗത്തിൽ സ്കൂട്ടറിലിടിച്ചത്. ഇദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ പിറകിൽ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ജയകൃഷ്ണൻ സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഒരു കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് കാർ നിർത്തിയത്. ഇടിച്ചശേഷം നിർത്താതെപോകാൻ ശ്രമിച്ചെങ്കിലും കാർ നിന്നുപോകുകയായിരുന്നു. ഇടിച്ച സ്കൂട്ടർ പൂർണമായും തകർന്നു.


ജയബാലകൃഷ്ണന്റെ ഇരുകാലുകൾക്കും ഒടിവുസംഭവിച്ചിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബത്തോട് ജഡ്ജി മോശമായി പെരുമാറിയെന്നും കയർത്തുവെന്നും പരാതിയുണ്ട്. സംഭവസ്ഥലത്തെത്തിയ ജയബാലകൃഷ്ണന്റെ ബന്ധുക്കളോട് അപകടത്തെ നിസാരവൽക്കരിക്കുന്ന രീതിയിലാണ് പൊലീസ് പ്രതികരിച്ചതെന്നും വികാരാധീനരായി സംസാരിക്കരുതെന്ന് പറഞ്ഞെന്ന് കുടുംബം പറഞ്ഞു.


സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയുടെ പേരുവിവരങ്ങൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.


നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ സഞ്ചരിച്ച കാറിടിച്ച് മൂന്ന് യുവാക്കളുടെ ജീവൻ പൊലിഞ്ഞ് ഒരു മാസം തികയും മുൻപാണ് വീണ്ടും സമാനമായ സംഭവമുണ്ടായിരിക്കുന്നത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതും ലൈസൻസ് പോലുമില്ലാതെയാണ് വാഹനമോടിച്ചിരുന്നതെന്നതും ഗൗരവമേറിയ കാര്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home