ജനാധിപത്യം നോക്കുകുത്തി; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ഗവർണറുടെ ശുപാര്‍ശ

തിരുവനന്തപുരം : പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാര്‍ശ നൽകി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിൽ ഇത്തരമൊരു ശുപാര്‍ശ നല്‍കിയത്. ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെയും 16 അംഗങ്ങളെയും പുറത്താക്കണമെന്നാണ് ശുപാർശ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.
പിഎസ്‌സി നടപടികൾ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ റിപ്പോർട്ട് പോലും തയ്യാറാകുതിനു മുമ്പാണ് ഗവർണറുടെ അമിതാധികാര പ്രയോഗം. പിഎസ്‌സി മൂല്യനിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെയർമാനും അംഗങ്ങൾക്കും എതിരെ ഒരു കുറ്റവും കണ്ടെത്തിയിട്ടില്ല. സാധാരണ നിലയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ നടപടികൾ സ്വീകരിക്കുക. എന്നാൽ, ഇവിടെ ഗവർണർ സ്വന്തംനിലയ്‌ക്ക് തീരുമാനമെടുത്ത് മുന്നോട്ടുപോവുകയായിരുന്നു.
ഏറെ രഹസ്യസ്വഭാവമുള്ള നിയമന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പിഎസ്‌സി നിശ്‌ചിത അധികാരങ്ങളുള്ള സ്വയംഭരണ സ്ഥാപനമാണ്. പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ കീഴിലാണ് പിഎസ്‌സി വരുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു തന്നെയാകണം ഗവർണർ ശുപാർശ അയച്ചത്. വി ഡി സതീശൻ സർവകലാശാല നിയമനങ്ങൾടക്കം എല്ലാ വിഷയങ്ങളിലും അർലേക്കറിനോട് അമിതമായ ആഭിമുഖ്യം കാണിച്ചിരുന്നു.
സർവകലാശാലകളുടെ സിൻഡിക്കേറ്റ്, സെനറ്റ്, വി സി നിയമനങ്ങളിലും മറ്റും തന്നിഷ്‌ടം നടപ്പാക്കുന്ന തരത്തിൽ പിഎസ്‌സിയിലും കടന്നുകയറാനുള്ള നീക്കമാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതിലൂടെ സംഘപരിവാർ അനുകൂലികളെ പിഎസ്‌സിയിൽ തിരുകിക്കയറ്റാനും വർഗീയഅജണ്ട നടപ്പാക്കുകയുമാണ് ലക്ഷ്യം.
രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാർ നിയമനങ്ങൾ അങ്ങേയറ്റം സുതാര്യമായി നടത്തുന്ന സംവിധാനമാണ് കേരള പിഎസ്‌സി. പിഎസ്‌സിയെ തകർക്കാനുള്ള ഗൂഢാലോചന കോൺഗ്രസും ബിജെപിയും നേരത്തേ തുടങ്ങിയതാണ്. അതിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. അഴിമതിയോ, ക്രമക്കേടോ നടന്നതായി പ്രഥമദൃഷ്‌ട്യാ തെളിവില്ലാതിരുന്നിട്ടും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം പ്രഖ്യാപിച്ചത് പിഎസ്‌സിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. പിഎസ്‌സിയെ മോശക്കാരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ഗവർണറുടെ ശുപാർശയും.









0 comments