Deshabhimani

ജാമിയ മിലിയ സർവകലാശായിൽ വിദ്യാർഥികളെ പുറത്താക്കാൻ നീക്കം; ക്ലാസുകൾ ഓൺലൈൻ, ലൈബ്രറിയും ഗേറ്റുകളും അടച്ചു

Jamia Milia Protest
വെബ് ഡെസ്ക്

Published on Oct 25, 2026, 01:40 PM | 1 min read

ന്യൂഡൽഹി : ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ശ്രമം തുടർന്ന് മാനേജ്മെന്റ്. കാമ്പസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കുന്നതിന്റെ ഭാഗമായി ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. പ്രധാന ഗേറ്റുകളും ലൈബ്രറിയും അടച്ചുപൂട്ടി. ഇതിന് പിന്നാലെ സർവകലാശാലാ വൈസ് ചാൻസലർക്കും അധികൃതർക്കുമെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി.


ഒക്ടോബർ 12 മുതൽ വിദ്യാർഥികൾ നടത്തിവരുന്ന നിരാഹാര സമരത്തിന് തടയിടാനാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ശനിയാഴ്ച ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയത്. ക്യാന്റീൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. പരീക്ഷകളെപ്പോലും ബാധിക്കുന്ന തരത്തിൽ വിദ്യാർഥികളെ കാമ്പസിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രമാണിതെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.


ഹോസ്റ്റൽ സീറ്റുകൾ വിറ്റ് ലാഭമുണ്ടാക്കുകയാണെന്നും, വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ വൈസ് ചാൻസലർ പ്രൊഫ. മസ്ഹർ ആസിഫ് ഇടപെടുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. അനധികൃതമായി ജോലിയിൽ കയറിയ ചില അധ്യാപകർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സർവകലാശാലയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്താനും, പരിഹാരം കാണാനും വിദ്യാർഥി യൂണിയൻ അനിവാര്യമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ (JMISU) 2006ലാണ് പിരിച്ചുവിട്ടത്.


അധ്യാപകരെയും അനധ്യാപകരെയും പൊലീസിനെയും കൂട്ടുപിടിച്ച് വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. വിസിയുടെയും രജിസ്ട്രാറുടെയും നേതൃത്വത്തിൽ 1500ഓളം ജീവനക്കാരെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കാമ്പസിലെ ചുവരെഴുത്തുകൾ മായ്ക്കാൻ ഈ യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. യോ​ഗത്തിന് ശേഷം ഗാലിബ് പ്രതിമയ്ക്ക് സമീപത്തെ സമരപ്പന്തൽ ഒഴിയണമെന്നും വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home