പൊട്ടാത്ത എല്ലിന് പ്ലാസ്റ്റർ, തലച്ചോറിലെ രക്തസ്രാവത്തിന് പാരസെറ്റമോൾ; മെഡിക്കൽ കോളേജിൽ നിന്ന് തുടർച്ചയായി ചികിത്സാപ്പിഴവ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തുടർച്ചയായി ചികിത്സാപ്പിഴവ് നേരിട്ടതായി പരാതി. എസ്‌സിഇആർടി കരിക്കുലം തലവനായ ഡോ. സത്യനേശനാണ് ഈ ദുരവസ്ഥയുണ്ടായത്. കാലിൽ വേദനയുമായി ചെന്ന ഇദ്ദേഹത്തിന് പൊട്ടലില്ലാതെ തന്നെ പ്ലാസ്റ്റർ ഇട്ടു വിടുകയായിരുന്നു.
ഉപ്പൂറ്റി വേദനയുമായി ആശുപത്രിയിലെത്തിയ ഇദ്ദേഹത്തെ എക്സ് റേ എടുത്തശേഷം കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിടുകയായിരുന്നു. എന്നാൽ വേദന അത്ര അസഹനീയമല്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും എക്സ് റേ എടുത്തെങ്കിലും പൊട്ടലാണെന്ന് ജീവനക്കാർ ഉറപ്പിച്ചുപറയുകയായിരുന്നു.
മെഡിക്കൽ കോളേജിൽ നിന്ന് നൽകിയ പരിശോധന വിവരങ്ങൾ
ഒരാഴ്ചയ്ക്ക് ശേഷം വരാനും പറഞ്ഞു. പ്ലാസ്റ്ററിട്ട കാലുമായി മെഡിക്കൽ കോളേജ് വരെ എത്തുന്നതിലെ അസൗകര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് എല്ലിന് പൊട്ടലില്ലെന്നും കാലിലെ കാൽസ്യം നിക്ഷേപമാണ് വേദനയ്ക്ക് കാരണമെന്നും തിരിച്ചറിഞ്ഞത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്ലാസ്റ്റർ അഴിച്ച് തുടർചികിത്സ തേടുകയായിരുന്നു ഇദ്ദേഹം.
ഇതിനുശേഷം ഒക്ടോബർ മാസം ആദ്യമാണ് കുളിമുറിയിൽ കാൽവഴുതി തലയിടിച്ച് വീണ പരാതിക്കാരൻ വീണ്ടും പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ നിന്ന് നിർദേശിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെത്തിയത്. തലയുടെ സിടി സ്കാൻ, എക്‌സ്-റേ, അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകൾ നടത്തിയെങ്കിലും ഗുരുതരമായ പ്രശ്നമില്ലെന്ന് അറിയിച്ച് പാരസെറ്റമോൾ നൽകി തിരിച്ചയച്ചു.
എന്നാൽ അടുത്തദിവസവും കലശലായ തലവേദനയും തലകറക്കവും തുടരുന്നതിനാൽ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവമുണ്ടായതായി പരിശോധനയിൽ തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്നുള്ള അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കുമായി അഞ്ച് ലക്ഷത്തോളം രൂപ ചിലവായതായും പരാതിക്കാരൻ പറഞ്ഞു.
ജീവനുപോലും ആപത്താകുന്ന തരത്തിലുള്ള ഗുരുതര ചികിത്സാവീഴ്ചയാണ് മെഡിക്കൽ കോളേജിൽ നിന്നുണ്ടായത്. മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും പരിശോധന റിപ്പോർട്ടുകൾ തമ്മിൽ വിലയിരുത്തി ചികിത്സാപ്പിഴവാണോ അനാസ്ഥയാണോ എന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇനിയും രോഗികളുടെ ജീവന് ആപത്താകുന്ന ഇത്തരം പിഴവുകൾ തുടരും. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് കത്തയച്ചതായും പരാതിക്കാരൻ അറിയിച്ചു.








0 comments