ചരിത്രം തിരുത്താൻ അബ്ദുൾ അൽ സയീദ്; വിജയിച്ചാൽ അമേരിക്കയിലെ ആദ്യ മുസ്ലീം സെനറ്റർ

മിഷിഗൺ : അമേരിക്കയുടെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതാനൊരുങ്ങി അബ്ദുൾ അൽ സയീദ്. മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സയീദ് വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം സെനറ്ററാകും. ട്രംപിന്റെ തീവ്ര വലതുപക്ഷ വംശീയത നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ജനകീയ നേതാവാണ് സയീദ്. സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അബ്ദുൾ എൽ സയീദ് വിജയിച്ചിരുന്നു.
മംദാനിക്കു ശേഷം ഡൊണാൾഡ് ട്രംപിന്റെ ഉറക്കം കെടുത്തുന്ന പേരാണ് നിലവിൽ അബ്ദുൾ അൽ സയീദ്. ന്യൂയോർക്കിൽ തൊഴിലാളികളെയും സാധാരണക്കാരെയും അണിനിരത്തി ജനകീയ മുന്നേറ്റം നടത്തിയ സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയെ അമേരിക്കൻ വലതുപക്ഷം ഇന്നും ഭയപ്പെടുന്നുണ്ട്. എന്നാൽ അതിനേക്കാൾ വലിയ ഭീതിയാണ് മിഷിഗണിൽ അബ്ദുൾ അൽ സയീദിന്റെ ജനപ്രീതി ട്രംപിൽ ഉണ്ടാക്കിയിരിക്കുന്നത്.
അബ്ദുൾ അൽ സയീദിനെതിരെ മതവിദ്വേഷ പ്രതികരണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഡെമോക്രാറ്റുകളെ എക്കാലത്തും ഭയക്കുന്ന ട്രംപ് അടിസ്ഥാനവുമില്ലാതെ അബ്ദുൾ അൽ സയീദിനെ 'ജിഹാദിസ്റ്റ്' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്.
ഒരു സ്ഥാനാർഥി എന്നതിലുപരി, അമേരിക്കൻ തൊഴിലാളിവർഗ്ഗത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ അബ്ദുൾ അൽ സയീദ് ഉയർത്തിക്കാട്ടുന്നത്. വിട്ടുവീഴ്ചയില്ലാത്ത പുരോഗമനവാദി (No-nonsense progressive) എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ സയീദിനെ വിശേഷിപ്പിക്കുന്നത്.
അമേരിക്കയിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യപരിരക്ഷ (മെഡികെയർ ഫോർ ഓൾ), പരിസ്ഥിതി സംരക്ഷണം, കുത്തക കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കൽ തുടങ്ങിയ ആശയങ്ങളാണ് തെരഞ്ഞെടുപ്പിൽ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന വൻകിട ഫാർമ കമ്പനികൾക്കും ഇൻഷുറൻസ് കുത്തക കമ്പനികൾക്കുമെതിരെ ശക്തമായ നിലപാടറിയിച്ചതാണ് സയീദ് വലതുപക്ഷത്തിന്റെ മുഖ്യ ശത്രുവാകാൻ പ്രധാന കാരണം.
വലതുപക്ഷ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സുമായുള്ള സെനറ്റ് സംവാദത്തിൽ, ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി സയീദ് നടത്തിയ പ്രസംഗം ആഗോള തലത്തിൽ വലിയ ചർച്ചയായി കഴിഞ്ഞു. തൊഴിലാളികൾക്കും സാധാരണക്കാർക്കുമിടയിൽ അബ്ദുൾ അൽ സയീദിനുള്ള സ്വീകാര്യത വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. മിഷിഗണിലെ നിർണായക പോരാട്ടത്തിൽ സയീദിനായി പ്രചാരണ രംഗത്ത് മുൻ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടിറങ്ങിയതും ചർച്ചയാകുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ട്രംപിന്റെ അജണ്ടയ്ക്ക് മിഷിഗൺ അബ്ദുൾ അൽ സയീദിലൂടെ കനത്ത മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം.








0 comments