യൂറോപ്പിൽ പ്രതിഷേധം പടരുന്നു; ഫ്രാൻസിൽ ആയിരത്തോളം പേർ അറസ്റ്റിൽ

Photo:Reuters
പാരിസ് : ഫ്രാൻസിൽ പ്രതിഷധം കടുത്തതോടെ ആയിരത്തോളം പേർ അറസ്റ്റിൽ. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, അൽബേനിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും തെരുവിലിറങ്ങുന്നത്.
പലയിടങ്ങളിലും പ്രതിഷേധം കടുത്തതോടെ സുരക്ഷ ശക്തമാക്കി. റോമിലും ടൂറിനിലും ബ്രസൽസിലും അൽബേനിയൻ തലസ്ഥാനമായ തിരാനയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർച്ചയായ രണ്ടാം വാരാന്ത്യത്തിലും പ്രതിഷേധം ശക്തമായതോടെ പ്രധാന നഗരങ്ങളിൽ സുരക്ഷാ സേനയെ അധികമായി വിന്യസിച്ചു.
ഫ്രാൻസിൽ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ 4.10 ലക്ഷം പേർ പങ്കെടുത്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ 70,000 പൊലീസുകാരെ വിന്യസിച്ചു. പാരിസിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ സ്ഥാപിച്ചു .പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാർസെയിലും ബോർഡോയിലും ലിയോണിലും സംഘർഷമുണ്ടായി.
ഇറ്റലിയിൽ മിലാൻ, റോം, ടൂറിന്‍ നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടന്നത്. കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ പ്രതിഷധം ആവർത്തിക്കാതിരിക്കാൻ മിലാനിൽ 500 സൈനികരെക്കൂടി വിന്യസിക്കാൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിർദേശിച്ചു. മുൻകരുതലിന്റെ ഭാഗമായി നിരവധി ആഡംബര കടകൾ അടച്ചിട്ടു.
റോമിലും ടൂറിനിലും പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. റോമിലെ കൊളോസിയത്തിൽ നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും പലസ്തീൻ പതാകകളേന്തി പ്രതിഷേധിച്ചു. ഗാസയിലെ യുദ്ധത്തോടും ഇറ്റാലിയൻ സർക്കാരിന്റെ നിലപാടിനോടുമുള്ള എതിർപ്പും പ്രതിഷേധത്തിൽ ഉയർന്നു.
ബാഴ്‌സലോണയിൽ 30ലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായും 14 കടകൾ തകർക്കപ്പെട്ടതായും കാറ്റലോണിയൻ ആഭ്യന്തര മന്ത്രി അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ അറസ്റ്റ് ചെയ്തു.
വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെങ്കിലും ജീവിതച്ചെലവ് വർധനയും സർക്കാർ നയങ്ങളോടുള്ള എതിർപ്പും പൊതുവായ വിഷയങ്ങളാണ്. സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനൊപ്പം പ്രതിഷേധങ്ങൾക്ക് കാരണമായ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന വെല്ലുവിളിയാണ് യൂറോപ്യൻ സർക്കാരുകൾ നേരിടുന്നത്.








0 comments