Deshabhimani

ഫിഫ അണ്ടർ 15 ലോകകപ്പ്: ഇന്ത്യ കാമറൂണിനെ തോൽപ്പിച്ചു

under 15

Photo: X

വെബ് ഡെസ്ക്

Published on Oct 25, 2026, 01:46 PM | 1 min read

അസർബൈജാൻ : ഫിഫ അണ്ടർ 15 ലോകകപ്പിൽ കരുത്തരായ കാമറൂണിനെ തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അസർബൈജാനിൽ നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ ഇന്ത്യ 2–1നാണ് ആഫ്രിക്കൻ ശക്തികളെ തോൽപ്പിച്ചത്. പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിന്റെ കീഴിൽ ഇറങ്ങിയ ഇന്ത്യൻ കൗമാരപ്പട ആധികാരികമായാണ് വിജയം സ്വന്തമാക്കിയത്.


മത്സരത്തിന്റെ ആദ്യ മിനിറ്റിൽ കാമറൂൺ താരം ഫറെയിൽ എൻഗോബോയുടെ സെൽഫ് ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാൽ 20-ാം മിനിറ്റിൽ ഇന്ത്യൻ താരം മുഹമ്മദ് സൊഹൈൽ ഖാന്റെ സെല്ഫ് ഗോൾ കാമറൂണിന് സമനില കൈവരിക്കാൻ സഹായിച്ചു.


രണ്ടാം പകുതിയിൽ ആർ ലാൽറെംറുവാത്ഫെല നേടിയ ഗോളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. പകരക്കാരനായി ഇറങ്ങിയ റൊണാണ്ടേവ് അഹൈബാം പന്ത് പിടിച്ചെടുത്ത് ദീപക് സിങ് അരാംബാമിന് കൈമാറി. ദീപക് നൽകിയ ക്രോസിൽനിന്നാണ് ലാൽറെംറുവാത്ഫെല ഗോൾ നേടിയത്.


കാമറൂണിന്റെ തിരിച്ചുവരവ് ശ്രമങ്ങളെ തടഞ്ഞത് ഇന്ത്യൻ ഗോൾകീപ്പർ ജെനിത് നിങ്‌തൗജാമിന്റെ മിന്നും പ്രകടനമാണ്. നിരവധി നിർണായക സേവുകൾ നടത്തിയ ജെനിത്, 32-ാം മിനിറ്റിൽ കാമറൂണിന് ലഭിച്ച പെനാൽറ്റിയും തടുത്തു.


ആദ്യ മത്സരത്തിൽ ലാവോസിനെ തോൽപ്പിച്ച ഇന്ത്യ, കാമറൂണിനെതിരായ ജയത്തോടെ ഗ്രൂപ്പ് കെ-യിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ഗ്രൂപ്പിൽ ഇതുവരെ രണ്ട് മത്സരങ്ങളും ജയിച്ച ഏക ടീമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് ഇനി ഗ്രെനഡ, ബഹ്‌റൈൻ, സെനഗൽ ടീമുകളെയാണ് നേരിടാനുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home