Deshabhimani

രണധീരർക്ക്‌ വിപ്ലവാഭിവാദ്യം; മേനാശേരി ദിനാചരണം ഇന്ന്‌

menassety Martyrs Day
വെബ് ഡെസ്ക്

Published on Oct 25, 2026, 01:19 PM | 1 min read

തുറവൂർ : ദിവാൻ രാമസ്വാമി അയ്യർ രൂപപ്പെടുത്തിയ ‘അമേരിക്കൻ മോഡൽ' ഭരണപരിഷ‌്കാര നിർദേശത്തെ അറബിക്കടലിൽ ആഴ‌്ത്തുമെന്ന് പ്രഖ്യാപിച്ചുള്ള പോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വരിച്ച മേനാശേരിയിലെ രണധീരർക്ക‌് ഞായറാഴ്ച നാട‌് പ്രണാമമർപ്പിക്കും. രക്‌തസാക്ഷിത്വം വരിച്ച 13കാരൻ അനഘാശയനും പട്ടാളക്കാരന്റെ കൈ വെട്ടിവീഴ്‌ത്തിയ വേലായുധനും അടക്കമുള്ള മേനാശേരി രണധീരർക്ക്‌ ഇന്ന് നാട് അഭിവാദ്യമർപ്പിക്കും. ധീരദേശാഭിമാനികളുടെ സ്മരണ പുതുക്കി നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങൾ അണിനിരക്കും.


ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ജ്വലിക്കുന്ന അധ്യായമായ പുന്നപ്ര–- വയലാർ സമരത്തിലെ വീരോചിത പോരാട്ടത്തിനാണ‌് മേനാശേരിയും സാക്ഷ്യംവഹിച്ചത‌്. 1946 ഒക്‌ടോബർ 25 നാണ്‌ പറപ്പള്ളി തോട്ടിലൂടെ സി പി രാമസ്വാമി അയ്യരുടെ ചോറ്റുപട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലും മേനാശേരിയിൽ എത്തിയത്‌ സമരവളണ്ടിയർമാർക്ക‌് നേരെ നിർദാക്ഷിണ്യം പട്ടാളം നടത്തിയ വെടിവയ‌്പ്പിൽ എമ്പതോളംപേർ കൊല്ലപ്പെട്ടു. പൊന്നാംവെളി തോടുവഴി ബോട്ടുകളിൽ യന്ത്രത്തോക്കുകളേന്തി എത്തിയ പട്ടാളക്കാർ സമരക്യാമ്പിനെ വളഞ്ഞാണ‌് വളണ്ടിയർമാരെ നേരിട്ടത‌്. പെട്ടെന്നുണ്ടായ വെടിവയ‌്പ്പിൽ ചെറുത്തുനിൽപ്പിനു മുമ്പെ സമരഭടന്മാർ വെടിയേറ്റുവീണു. തോട്ടിലും കുളത്തിലുംവരെ വെടിയേറ്റവരുടെ ജഡങ്ങൾ കിടന്നതായാണ‌് ചരിത്രം.


ഞായർ ​വൈകിട്ട് നാലിന് പട്ടണക്കാട് പഞ്ചായത്തിലെ 21 വാർഡുകളിൽനിന്നും ചെറുപ്രകടനങ്ങൾ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ എത്തും. മേനാശേരി വാരാചരണ കമ്മിറ്റിയും വാർഡ് കമ്മിറ്റികളും മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പ്രകടനമായി പൊതുസമ്മേളന നഗരിയായ മേനാശേരി കവലയിലെ അനഘാശയൻ നഗറിൽ എത്തും. പൊതുസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, സിപിഐ ദേശീയ സമിതി അംഗം ടി ടി ജിസ്‌മോൻ എന്നിവർ സംസാരിക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനാകും. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളുടെയും നേതാക്കളായ ആർ നാസർ, എൻ എസ് ശിവപ്രസാദ്, കെ പ്രസാദ്, എം സി സിദ്ധാർഥൻ, മനു സി പുളിക്കൽ, എ എം ആരിഫ്, കെ ഉമയാക്ഷൻ, എൻ പി ഷിബു, പി കെ സാബു, സന്ധ്യ ബെന്നി, ടി എം ഷെറീഫ്, പി ഡി ബിജു, എസ് പി സുമേഷ്, കെ ജി പ്രിയദർശനൻ, സി ബി മോഹൻദാസ്, ടി കെ രാമനാഥൻ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home