ആദിവാസി യുവാവിന് കസ്റ്റഡി മർദനം; ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് നാളെ സിപിഐ എം പ്രതിഷേധ മാർച്ച്

കോട്ടയം : ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി സിപിഐ എം. പൂഞ്ഞാർ പെരിങ്ങുളം പൂവത്തിങ്കൽ വീട്ടിൽ അഭിലാഷിനെയാണ് ഇൗരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. ലൈൻ കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മനസാക്ഷിയില്ലാത്ത മർദനം.
പരാതി വന്നതിന് പിന്നാലെ യാതൊരു തരത്തിലുള്ള മർദനവും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്വേഷണം സ്ഥലം ഡിവൈഎസ്പിയെ ഏല്പിക്കരുതെന്ന് സിപിഐ എം വ്യക്തമാക്കി. മറ്റേതെങ്കിലും ഉദ്യോഗസ്ഥനെ പ്രാഥമിക അന്വേഷണ ചുമതല ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. നാളെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും സിപിഐ എം അറിയിച്ചു.
അതേസമയം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അഭിലാഷിൻെറ ബന്ധുക്കൾ വ്യക്തമാക്കി. പാലാ ഡിവൈഎസ്പിക്ക് ഇന്നലെ തന്നെ അഭിലാഷ് പരാതി നൽകിയിരുന്നു. ഇതിനു പുറമെ ആദിവാസി സംഘടകൾ സംസ്ഥാന മനുഷ്യാവകാശ കമീഷനും പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് അഭിലാഷും കുടുംബവും.
ഒരുമാസം മുമ്പ് മലയോരമേഖലയിൽ കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായിരുന്നു. ലൈൻകമ്പികൾ പൊട്ടി കെഎസ്‌ഇബിക്ക് വലിയ നഷ്ടമുണ്ടായി. ലൈൻ കമ്പി നഷ്ടപ്പെട്ടെന്നു പറഞ്ഞ് കെഎസ്‌ഇബി ഇൗരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയിരുന്നു. കെഎസ്‌ഇബിയിലെ കരാർ ജീവനക്കാരനാണ് അഭിലാഷ്.
വെള്ളിയാഴ്‌ച രാവിലെയാണ് പൊലീസ് അഭിലാഷിനെ കസ്‌റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ മഫ്‌തിയിലാണ് പൊലീസ് വന്നത്. ഉറങ്ങുകയായിരുന്ന അഭിലാഷിനെ പൊലീസ് വിളിച്ചെഴുന്നേൽപിച്ച് മുറ്റത്തേക്ക് തള്ളിയിട്ട് മർദിച്ചു. ബലമായി സ്വകാര്യ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ നോക്കി. അടിവസ്‌ത്രം ഇടണമെന്നു പറഞ്ഞപ്പോൾ പൊലീസ് സമ്മതിച്ചില്ല. അസഭ്യം പറയുകയും ചെയ്‌തു. ഇൗ സമയം അവിടെ വന്ന അയൽവാസികൾ വീഡിയോ എടുക്കാതിരിക്കാൻ അവരുടെ ഫോൺ പൊലീസ് തട്ടിപ്പറിച്ചു. തുടർന്ന് അഭിലാഷിനെ വലിച്ചിഴച്ച് കൊണ്ടുപോയി വണ്ടിയിൽ കയറ്റി മർദിച്ചെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തലയുടെ പിന്നിൽ എന്തോ വസ്‌തു ഉപയോഗിച്ച് മർദിച്ചു.
വൈകിട്ട് എസ്‌സി പ്രെമോട്ടറുടെ കൂടെ അഭിലാഷിനെ പൊലീസ് വിട്ടയച്ചു. സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ വണ്ടിവിളിച്ച് പാലാ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് അപസ്മാരം വന്ന് ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു അഭിലാഷ്.









0 comments