നാല് പൊതുമേഖലാ ബാങ്കുകൾ കൂടി വില്പനക്ക്; ബാങ്കിങ് മേഖലയെ കൈവിടുന്നു

മുംബൈ : രാജ്യത്തെ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകൾ കൂടി കുത്തക സ്വകാര്യ കമ്പനികൾക്ക് വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ സർക്കാർ ഓഹരികളാണ് വൻകിട കമ്പനികൾക്ക് വിൽക്കാൻ നീക്കം നടക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ പകുതിയിലധികം ഓഹരികൾ കനേഡിയൻ കമ്പനിക്ക് വിൽക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം.
സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കാനെന്ന വ്യാജേനയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളെ കോർപ്പറേറ്റുകൾക്ക് അടിയറവ് വെക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ചുരുങ്ങിയത് 25 ശതമാനം പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വേണമെന്ന സെബി വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഈ സ്വകാര്യവൽക്കരണ നീക്കം. ഈ മാനദണ്ഡം നടപ്പിലാക്കാൻ സർക്കാരിന് നൽകിയിരുന്ന ഇളവ് 2026 ആഗസ്തിൽ അവസാനിച്ചിരുന്നു. ഇതാണ് ഓഹരി വിൽപ്പനയ്ക്ക് ന്യായീകരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 81.19 ശതമാനവും യൂക്കോ ബാങ്കിൽ 90.95 ശതമാനവും പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ 93.85 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 92.44 ശതമാനവുമാണ് സർക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇത് 75 ശതമാനമാക്കി കുറയ്ക്കാനാണ് നീക്കം. അടുത്ത വർഷം ഓഫർ ഫോർ സെയിൽ (OFS) വഴി സർക്കാർ ഓഹരികൾ വിറ്റഴിക്കും. അതായത് പൊതു ഓഹരി പങ്കാളിത്തം വർധിപ്പിക്കാനെന്ന വ്യാജേന സർക്കാർ ഓഹരികൾ സ്വകാര്യ കുത്തക കമ്പനികൾക്ക് വിൽക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികൾ കനേഡിയൻ വ്യവസായിയായ പ്രേം വാത്സയുടെ നേതൃത്വത്തിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് 52,878 കോടി രൂപയ്ക്ക് വിൽക്കാനുള്ള നടപടികൾ പുരോഗമിക്കുന്നിതിനിടെയാണ് ഈ പുതിയ നീക്കം. വിദേശ കുത്തകകൾക്ക് രാജ്യത്തിന്റെ ബാങ്കിങ് മേഖല തുറന്നുകൊടുക്കുന്ന കച്ചവടമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഈ സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഐഡിബിഐ ഓഹരികൾ വിൽക്കുന്നതോടെ തന്നെ ഈ ലക്ഷ്യത്തിലെത്തും.
രാജ്യത്ത് മൂന്നോ നാലോ വൻകിട പൊതുമേഖലാ ബാങ്കുകൾ മാത്രം നിലനിർത്തി, ബാക്കിയുള്ളവയെ എല്ലാം സ്വകാര്യ കുത്തക കമ്പനികൾക്ക് വിൽക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെയും ഇന്ത്യൻ ഓവർസീസ് ബാങ്കിനെയും പൂർണമായും സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് നീതി ആയോഗ് നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. കോടിക്കണക്കിന് സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാ ബാങ്കുകളെ വില്പനക്കുവെച്ച് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വകാര്യ കുത്തക മുതലാളിമാർ ലാഭം കൊയ്യാൻ ബാങ്കിങ് മേഖലയെ തുറന്നു കൊടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ രാജ്യമാകെ പ്രതിഷേധമുയരേണ്ടതുണ്ട്.








0 comments