Deshabhimani

ബംഗാളിൽ ആക്രമണങ്ങളെ അതിജീവിച്ച് സിപിഐ എം പുസ്തകശാലകൾ; 12 ജില്ലകളിൽ മാത്രം ഒരു കോടി രൂപയുടെ വിൽപ്പന

cpim book sale bengal
വെബ് ഡെസ്ക്

Published on Oct 25, 2026, 11:15 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ആരംഭിച്ച പുസ്തകശാലകളിൽ റെക്കോഡ് വിൽപ്പന. 12 ജില്ലകളിൽനിന്ന് മാത്രം ഒരു കോടിയിലധികം രൂപയുടെ പുസ്തകങ്ങളാണ് വിറ്റഴിച്ചത്. 11 ജില്ലകളിലെ കണക്കുകൾ കൂടി ലഭിക്കുന്നതോടെ വിൽപ്പനത്തുക ഇനിയും ഉയരും. വ്യാപകമായ ആക്രമണങ്ങളും പുസ്തകശാലകൾ തകർക്കാനുള്ള ശ്രമങ്ങളും അതിജീവിച്ചാണ് റെക്കോർഡ് വിൽപ്പന. ബംഗാളിൽ പതിറ്റാണ്ടുകളായി ദുർഗാപൂജ ആഘോഷവേളയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പുസ്തക വിൽപ്പനശാലകൾ ആരംഭിക്കാറുണ്ട്. ഇത്തവണ സിപിഐ എം പശ്ചിമബം​ഗാളിലാകമാനം ആയിരത്തിലധികം താൽക്കാലിക പുസ്തക വിൽപ്പനശാലകളാണ് ആരംഭിച്ചത്.


cpim book sale bengal


292 പുസ്തകശാലകൾക്ക് നേരെ ആക്രമണമുണ്ടായതായി മുതിർന്ന സിപിഐ എം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് പുസ്തകശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ. ആക്രമണങ്ങൾ പുസ്തകവിൽപ്പനയെ ബാധിച്ചില്ലെന്നും മറിച്ച് കൂടുതൽ ആളുകൾ പുസ്തകങ്ങൾ വാങ്ങാനെത്തുകയായിരുന്നുവെന്നും സുജൻ ചക്രവർത്തി വ്യക്തമാക്കി. പുസ്തകശാലകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായ പ്രതിരോധമാണ് ഉയർത്തിയതെന്നും ബംഗാളിന്റെ വായനാസംസ്കാരത്തെ ഇത്തരം ആക്രമണങ്ങളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും സുജൻ ചക്രവർത്തി പറഞ്ഞു.


cpim book sale bengal


ഒക്ടോബർ 17ന് ദക്ഷിണ കൊൽക്കത്തയിലെ ജാദവ്പുരിൽ പ്രവർത്തിച്ചിരുന്ന സിപിഐ എമ്മിന്റെ പ്രധാന പുസ്തകശാലകളിലൊന്ന് ബുൾഡോസർ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇടതുപക്ഷ നേതാക്കളും നാട്ടുകാരും ബുൾഡോസറിന് മുന്നിൽ നിലയുറപ്പിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.


cpim book sale bengal


വടക്കൻ കൊൽക്കത്തയിലെ നാഗർബസാറിലെ പുസ്തകശാലയിൽനിന്ന് ശരത്ചന്ദ്ര ചതോപാധ്യായയുടെ പഥേർ ദാബി എന്ന നോവൽ കീറിക്കളഞ്ഞ സംഭവവും പുറത്തുവന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുസ്തകം നശിപ്പിക്കരുതെന്ന് യുവാവിനോട് അഭ്യർഥിക്കുന്ന വയോധികന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പുസ്തക വിൽപ്പനശാലകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി ജനങ്ങളെത്തി, പുസ്തകങ്ങൾ വാങ്ങിയ അനുഭവങ്ങളും ആക്രമണത്തിനെതിരായ പ്രതിഷേധവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ പുസ്തകവിൽപ്പന വർധിച്ചു.


cpim book sale bengal


ബുൾഡോസറുകളും പുസ്തകങ്ങളും തമ്മിലുള്ള പോരാട്ടമാണിതെന്നും പുസ്തകങ്ങൾക്കൊപ്പം ജനങ്ങൾ അണിനിരന്നെന്നും സുജൻ ചക്രവർത്തി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംഎൽഎ കുനാൽ ഘോഷ്, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശുഭങ്കർ സർക്കാർ എന്നിവർ ആക്രമണമുണ്ടായ വിൽപ്പനശാലകൾ സന്ദർശിച്ചിരുന്നു. ആക്രമണങ്ങൾക്കിടയിലും ഒരു കോടിയിലധികം രൂപയുടെ പുസ്തകവിൽപ്പന നടന്നത് ബംഗാളിലെ ഇടതുപക്ഷത്തിനുള്ള ജനപിന്തുണയാണ് വ്യക്തമാക്കുന്നത്.


cpim book sale bengal



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home