Deshabhimani

റെയിൽവേ ക‍ൗണ്ടറിൽ വിൽക്കുന്ന ടിക്കറ്റിനും ഇൻഷുറൻസ്‌ പരിരക്ഷ; ചൊവ്വ മുതൽ പ്രാബല്യത്തിൽ

railway ticket counter ai

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 25, 2026, 10:47 AM | 2 min read

ന്യൂഡൽഹി : ഓൺലൈനിൽ വാങ്ങുന്ന ടിക്കറ്റിന്‌ സമാനമായി റെയിൽവേ സ്റ്റേഷൻ ക‍ൗണ്ടറിൽ വിൽക്കുന്ന റിസർവേഷൻ ടിക്കറ്റുകൾക്കും ഇനി ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് 27 മുതൽ പ്രാബല്യത്തിൽ വരും. 45 പൈസ പ്രീമിയത്തിൽ പരമാവധി 10 ലക്ഷം രൂപവരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതുവരെ ഐആർസിടിസി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു മാത്രമായിരുന്നു ഇൻഷുറൻസ്‌ ലഭ്യമായിരുന്നത്.


പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകൾ വഴി റിസർവേഷൻ ടിക്കറ്റെടുക്കുന്നവർക്കാണ് ഇൻഷുറൻസ് ലഭ്യമാക്കുന്നത്. ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് യാത്രക്കാരുടെ താൽപ്പര്യമനുസരിച്ചായിരിക്കും. ടിക്കറ്റെടുക്കുമ്പോൾ ഇൻഷുറൻസ് വേണമെന്ന് അറിയിക്കുകയും പ്രീമിയം അടയ്ക്കുകയും വേണം. ഇൻഷുറൻസ് എടുക്കാത്തവർക്ക് ഈ പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസ് തിരഞ്ഞെടുക്കുന്ന യാത്രക്കാർ മൊബൈൽ നമ്പറും ആവശ്യമായ മറ്റു വിവരങ്ങളും നൽകണം. ഇൻഷുറൻസ് പോളിസിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും. യാത്രക്കാർക്ക് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ കൗണ്ടർ ജീവനക്കാർ നൽകണം.


ട്രെയിൻ അപകടങ്ങളിലോ ഇൻഷുറൻസ് വ്യവസ്ഥകളിൽ ഉൾപ്പെടുന്ന മറ്റു അനിഷ്ട സംഭവങ്ങളിലോ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് പരമാവധി നഷ്ടപരിഹാരം. പൂർണ അംഗവൈകല്യത്തിനും 10 ലക്ഷം രൂപ ലഭിക്കും. ഭാഗിക അംഗവൈകല്യത്തിന് 7.5 ലക്ഷം രൂപവരെയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നാൽ രണ്ട് ലക്ഷം രൂപവരെയും പരിരക്ഷയുണ്ട്.


നിലവിലെ ഐആർസിടിസി ഇൻഷുറൻസ് പദ്ധതിയിലെ വ്യവസ്ഥകളാണ് കൗണ്ടർ ടിക്കറ്റുകൾക്കും ബാധകമാകുക. കൺഫേംഡ്, ആർഎസി, ഭാഗികമായി കൺഫേം ചെയ്ത റിസർവേഷൻ ടിക്കറ്റുകളുള്ള ഇന്ത്യൻ പൗരന്മാർക്കാണ് പരിരക്ഷ ലഭിക്കുക. ജനറൽ ക്ലാസ് ടിക്കറ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും പദ്ധതിയുടെ ആനുകൂല്യമില്ല. അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് പരിരക്ഷ ലഭിക്കും.


ഉത്തരവ്‌ പാലിച്ചില്ലെങ്കിൽ റെയിൽവേ ബോർഡ്‌ ചെയർമാൻ, അംഗങ്ങൾ എന്നിവരെ വ്യക്തിപരമായി ഉത്തരവാദികളാക്കി നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിൽപ്പെട്ടവരാണ്‌ ക‍ൗണ്ടറുകളിൽ നിന്ന്‌ ടിക്കറ്റ്‌ എടുക്കുന്നതെന്നും അവർക്ക്‌ പരിരക്ഷ നൽകുന്നതിൽ ചട്ടക്കൂട്‌ നിർമിക്കാനുമാണ്‌ കോടതി റെയിൽവേയോട്‌ ആവശ്യപ്പെട്ടത്‌. എന്നാൽ ഇതിനോട്‌ പ്രതികരിക്കാൻ റെയിൽവേ തയ്യാറായില്ല. തുടർന്ന്‌ മറുപടിക്ക്‌ കാത്തുനിൽ്ക്കാതെ ഉത്തരവ്‌ പുറപ്പെടുവിക്കുകയായിരുന്നു.


പരിരക്ഷയുടെ കാര്യത്തിൽ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവരെയും ഓഫ്‌ലൈനായി ടിക്കറ്റ് വാങ്ങുന്നവരെയും തമ്മിൽ വേർതിരിച്ചത് എന്തിനാണെന്നും റെയിൽവേയോട്‌ കോടതി ചോദിച്ചിരുന്നുവെങ്കിലും അതിനോടും പ്രതികരിച്ചില്ല. റെയിൽവേ യാത്രക്കാരുടെ സുരക്ഷ , ഇൻഷുറൻസ്‌ പരിരക്ഷ തുടങ്ങിയവ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലൊന്നിലാണ്‌ ഉത്തരവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home