കിഴക്കു പടിഞ്ഞാറൻ പൈപ്പ്‌ലൈൻ ശേഷി 58 ലക്ഷം ബാരലാക്കി

റിയാദ് : തന്ത്രപ്രധാനമായ കിഴക്കുപടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈനിന്റെ പ്രതിദിന പ്രവർത്തനശേഷി 58 ലക്ഷം ബാരലായി പുനസ്ഥാപിച്ചതായി സൗദി അറേബ്യ. ചൊവ്വ രാവിലെ ശേഷി പൂർണമായി പുനസ്ഥാപിച്ചതായി സൗദി ഊർജമന്ത്രി അബ്‌ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. മനാമയിൽ നടന്ന ‘മെയ്ഡ് ഇൻ ജിസിസി 2026’ ഫോറത്തിലും പ്രദർശനത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൂതി ഡ്രോൺ ആക്രമണത്തെ തുടർന്ന് സെപ്തംബർ 13ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കുശേഷം സെപ്തംബർ അവസാനത്തോടെ എണ്ണ കയറ്റുമതി പുനരാരംഭിച്ചത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ചെങ്കടൽ തീരത്തെ കയറ്റുമതി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന എണ്ണ ഗതാഗത മാർഗമാണ് പൈപ്പ്‌ലൈൻ. പേര്‍ഷ്യന്‍ ഉള്‍ക്കടലിന് സമീപമുള്ള അബ്‌ഖൈഖിനെ ചെങ്കടൽ തീരത്തെ യാമ്പുവുമായി ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിന് 1200 കിലോമീറ്റര്‍ നീളമുണ്ട്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി, കിഴക്കൻ മേഖലയിലെ എണ്ണ യാമ്പു തുറമുഖം വഴി കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പാതകൂടിയാണിത്.









0 comments