വ്യോമയാന വികസനം, നിക്ഷേപം; കരാറുകൾ ഒപ്പുവച്ച് ഒമാൻ

മസ്‌കത്ത് : വ്യോമയാന മേഖലയിലെ പ്രധാന നിക്ഷേപ അവസരങ്ങൾ അവലോകനം ചെയ-്‌ത് ഒമാൻ സിവിൽ ഏവിയേഷൻ നിക്ഷേപ ഫോറം. നിരവധി പ്രധാന കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്‌ക്കുന്നതിന് ഫോറം വേദിയായി. മസ്‌കത്ത് അന്താരാഷ്‌ട്ര വിമാനത്താവളം, സലാല വിമാനത്താവളം, സൊഹാർ വിമാനത്താവളം എന്നിവയുടെ പ്രവർത്തനക്ഷമത, യാത്രാനുഭവം, സ്വദേശിവൽക്കരണം എന്നിവ മെച്ചപ്പെടുത്താനായി വ്യോമയാന അതോറിറ്റി ഒമാൻ എയർപോർട്ട്സ് കമ്പനിയുമായി 35 വർഷത്തെ കൺസഷൻ കരാറിൽ ഒപ്പുവച്ചു.
വിമാനത്താവളങ്ങളിലെ പൊതു–-സ്വകാര്യ പങ്കാളിത്തം, ഭൂമി വികസനം, വാണിജ്യ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്‌സ് എന്നിവ സംയോജിത സാമ്പത്തിക കേന്ദ്രങ്ങളായി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചാണ് നടപടി. 2040 ഓടെ 1170 കോടി ഒമാൻ റിയാലിന്റെ സഞ്ചിത സ്വകാര്യ മേഖല നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് 39 സംരംഭത്തിലും മൂന്ന് ഘട്ടത്തിലായി നടപ്പാക്കേണ്ട പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
മസ്‌കത്ത് വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികളും ആനുകാലിക പരിശോധനാ സൗകര്യങ്ങളും കൈകാര്യം ചെയ്യാനായി സിഎഎ ഇന്തോനേഷ്യയുടെ ജിഎംഎഫ് എയ്‌റോ ഏഷ്യയുമായി 20 വർഷത്തെ കൺസഷൻ കരാറിൽ ഒപ്പുവച്ചു. ഒമാൻ ഏവിയേഷൻ അക്കാദമിയും അറബ് ഏവിയേഷൻ അക്കാദമിയും തമ്മിലുള്ള സഹകരണ കരാറും വിമാന അറ്റകുറ്റപ്പണികളും പരിശീലന ശേഷികളും വികസിപ്പിക്കാനായി ജിഎംഎഫ് എയ്‌റോ ഏഷ്യയും മാക് എയ്‌റോപേസ് ഇന്റർനാഷണലും തമ്മിലുള്ള ധാരണപത്രവും ഒപ്പിട്ടു.









0 comments