സാംസ്‌കാരികപ്പെരുമയുടെ മേളപ്പെരുക്കം തീർത്ത് ജിദ്ദയിൽ സൗദി ഇന്ത്യ ഫെസ്റ്റിവൽ

ജിദ്ദ: അറബ് ഇന്ത്യാ സാംസ്‌കാരികപ്പെരുമയുടെ മേളപ്പെരുക്കം തീർത്ത് ജിദ്ദയിൽ സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ രണ്ട് അരങ്ങേറി. പ്രവാസ കുടിയേറ്റം പ്രമേയമായ ഫെസ്റ്റിവലിൽ അറബ് കലാകാരന്മാരും ഇന്ത്യൻ കൗമാരപ്രതിഭകളും ചേർന്നൊരുക്കിയ ഉജ്വല കലാവിരുന്ന് സാംസ്കാരിക വൈവിധ്യവും സൗഹൃദപ്പെരുമയും വിളംബരം ചെയ്യുന്നതായി. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന സാംസ്‌കാരികോത്സവത്തിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു.
അര നൂറ്റാണ്ടത്തെ കുടിയേറ്റത്തിന്റെ ഇടനാഴി” എന്ന ശീർഷകത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിച്ച ഫെസ്റ്റിവലിൽ കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി മുഖ്യാതിഥിയായിരുന്നു.

ജിജിഐ പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷനായി. സൗദി ഇന്ത്യൻ ഹെൽത്ത്‌കെയർ ഫോറം പ്രസിഡന്റ് ഡോക്ടർ അഷ്റഫ് അമീർ, ഇഫത് യൂനിവേർസിറ്റി ഡീൻ ഡോ. റീം അൽ മദനി, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ, അബീർ മെഡിക്കൽ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങൽ, റാകോ ഗ്രൂപ്പ് സി.ഇ.ഒ റഹീം പട്ടർകടവൻ എന്നിവർ സംസാരിച്ചു.
ഫഹ്‌മിനാ ഖാത്തൂൻ, ഷൈമാ ഖലീഫ, മക്കയിലെ മദ്രസ സൗലത്തിയയുടെയും മദ്രസ മലൈബാരിയയുടെയും സൂപ്പർവൈസറായ ശൈഖ് ആദിൽ ഹംസ മലൈബാരി, ഗ്ലോബൽ ബ്രിഡ്ജ് കമ്പനി ചെയർമാൻ ശൈഖ് അബ്ദുറഹ്‌മാൻ അബ്ദുല്ല യൂസുഫ് മലൈബാരി, ശൈഖ് അഹമ്ദ് അതാഉല്ലാ ഫാറൂഖി, ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്‌ലം ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

ഷംന പി എം അവതാരകയായിരുന്നു. സ്‌പോൺസർമാർക്കുള്ള ഉപഹാരങ്ങൾ കോൺസൽ ജനറലും കലാപ്രതിഭകൾക്കും കൊറിയോഗ്രഫർമാർക്കുമുള്ള ഉപഹാരങ്ങൾ പ്രസ് ആന്റ് കൾച്ചർ കോൺസലും ഹെഡ് ഓഫ് ചാൻസറിയുമായ ഐ എം ഹുസൈനും സമ്മാനിച്ചു.
നൂറ്റമ്പതോളം അറബ്, ഇന്ത്യൻ കലാപ്രതിഭകളുടെ മിന്നും പ്രകടനം അരങ്ങേറി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം തുറന്നുകാട്ടുന്ന വ്യത്യസ്ത കലാരൂപങ്ങളുമായി നൂറിലേറെ ഇന്ത്യൻ കൗമാരപ്രതിഭകൾ അരങ്ങിൽ വിസ്മയം തീർത്തു. കഥക്, പഞ്ചാബി, ഒഡിസ സാംബൽപുരി, ഗുജറാത്തി നൃത്തങ്ങൾക്കൊപ്പം ഭരതനാട്യവും വേറിട്ട അനുഭവമായി. ഗുഡ്‌ഹോപ് ആർട്ട്‌സ് ആന്റ് സയൻസ് അക്കാദമിയിലെയും ഫെനോം അക്കാദമിയിലെയും കലാപ്രതിഭകളുടെ പരിപാടിയും പ്രമുഖ ഗായകരായ സിക്കന്തർ, ജമാൽ പാഷ, മുംതാസ് അബ്ദുറഹ്‌മാൻ, സോഫിയാ സുനിൽ, ശിഫാന ഷാജി എന്നിവരുടെ ഗാനാലാപനവും ശ്രദ്ധേയമായി.

ജിജിഐ ചീഫ് കോഓർഡിനേറ്റർമാരായ കബീർ കൊണ്ടോട്ടി, അബു കട്ടുപ്പാറ, വൈസ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങൽ, വൈസ് പാട്രൺ കെ ടി അബൂബക്കർ, സെക്രട്ടറിമാരായ അൽമുർത്തു, ഹുസൈൻ കരിങ്കറ, ഇബ്രാഹിം ശംനാട്, അഷ്‌റഫ് പട്ടത്തിൽ, നൗഷാദ് താഴത്തെവീട്ടിൽ, സുൽഫിക്കർ മാപ്പിളവീട്ടിൽ, ഗഫൂർ കൊണ്ടോട്ടി, നജീബ് പാലക്കാത്ത്, സുബൈർ വാഴക്കാട്, മൻസൂർ വണ്ടൂർ, എ പി എ ഗഫൂർ, മുബഷിർ പാലത്തിങ്ങൽ, ഫൈറൂസ് കൊണ്ടോട്ടി, ജെസി ടീച്ചർ, ഷിബ്‌ന ബക്കർ, ഫാത്തിമ തസ്‌നി ടീച്ചർ, ആയിഷ റുഖ്‌സാന ടീച്ചർ, നാസിറ സുൽഫി, അനീസാ ബൈജു, ഷബ്‌നാ കബീർ, റിസാനാ നജീബ്, മാജിദാ മുഹമ്മദ് കുഞ്ഞി തുടങ്ങിയ ജിജിഐ അംഗങ്ങളും ഒഫീഷ്യലുകളും ഫെസ്റ്റിവലിന് നേതൃത്വം നൽകി. ജിജിഐ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറൽ ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു.










0 comments