ശമ്പളം കുറയ്‌ക്കൽ : 13 കാരണം അംഗീകരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് വരുത്താനോ തുക പിടിക്കാനോ ഉള്ള അപേക്ഷ ഓട്ടോമേറ്റഡ് വേതന സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ 13 കാരണം അംഗീകരിച്ച് കുവൈത്ത് മാനവശേഷി അതോറിറ്റി. അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലുടമകൾ ഇവയിൽനിന്ന് അനുയോജ്യമായ കാരണം തെരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ ഹാജരാക്കണം. കുവൈത്തിനകത്തോ പുറത്തോ ചെലവഴിക്കുന്ന ശമ്പളരഹിത അവധി, ശിശുപരിപാലന അവധി, ഭാഗികശമ്പളത്തോടെയുള്ള രോഗാവധി, ശമ്പളരഹിത രോഗാവധി, അവധിക്കുള്ള തുക ബാങ്ക് കൈമാറ്റത്തിലൂടെ മുൻകൂറായി നൽകിയത് എന്നിവ അംഗീകൃത കാരണങ്ങളിൽ ഉൾപ്പെടുന്നു.
തൊഴിൽ പെർമിറ്റ് റദ്ദാക്കൽ, തൊഴിലുടമയുടെ കീഴിൽ പുതുതായി തൊഴിൽ പെർമിറ്റ് അനുവദിച്ചത്, തൊഴിലാളിക്കെതിരെ ജോലിക്ക് ഹാജരാകാത്തതിന്റെ റിപ്പോർട്ട് രജിസ്റ്റർ ചെയ-്‌തത്, ജോലിയിൽനിന്ന് വിട്ടുനിന്ന ദിവസങ്ങൾ എന്നിവയും കാരണങ്ങളായി രേഖപ്പെടുത്താം. അന്വേഷണ ഏജൻസികളുടെയോ നീതിന്യായ സ്ഥാപനങ്ങളുടെയോ പരിഗണനയിലുള്ള പരാതികൾ, തൊഴിലുടമയ്ക്ക് തിരിച്ചടയ്ക്കാനുള്ള കടമോ വായ്‌പയോ, പ്രാദേശികമല്ലാത്ത ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള പണം കൈമാറ്റം എന്നിവയും പട്ടികയിലുണ്ട്.
ശമ്പളത്തിൽനിന്ന് തുക പിടിക്കുന്നതിന്റെ കാരണവും നിയമസാധുതയും തെളിയിക്കുന്ന രേഖകൾ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. മാസം പിടിക്കുന്ന തുക തൊഴിലാളിയുടെ ശമ്പളത്തിന്റെ 25 ശതമാനത്തിൽ കവിയരുതെന്നും അതോറിറ്റി വ്യക്തമാക്കി.









0 comments