ad
Deshabhimani

മുഖ്യമന്ത്രിയെ വരവേൽക്കാനൊരുങ്ങി സലാല

salala press meet

വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 23, 2025, 12:27 PM | 2 min read

സലാല: ഗൾഫ്‌ സന്ദർശനത്തിന്റെ ഭാഗമായി 25ന്‌ സലാലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിയുടെ സംഘാടകർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് 6:30ന് സലാല അൽ ഇത്തിഹാദ് സ്റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള വിങ് സംഘടിപ്പിക്കുന്ന പ്രവാസോത്സവം 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


മലയാളം മിഷൻ ചെയർമാൻ കൂടിയായ പിണറായി വിജയൻ മലയാളം മിഷൻ സലാല ചാപ്റ്ററിൻ്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവ്വഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം എ യൂസഫലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.


സമ്മേളന നഗരിയിൽ മലയാളം മിഷൻ്റെ പ്രത്യേക പവലിയനും സജ്ജീകരിച്ചിട്ടുണ്ട്. പ്രവാസികളെ ചേർത്ത് പിടിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി, നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി, പ്രവാസി പുനരധിവാസ പദ്ധതികൾ തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രി ആശയവിനിമയം നടത്തുമെന്ന് കരുതുന്നു.


ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രി സലാല സന്ദർശിക്കുന്നതിൻ്റെ ആവേശത്തിലും ആഹ്ളാദത്തിലും ആണ് മലയാളികൾ. മുഖ്യ മന്ത്രിയുടെ പരിപാടി വിജയിപ്പിക്കണമെന്നും, പരമാവധി പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്നും പ്രമുഖ പ്രവാസ സംഘടനകളായ പി സി ഡബ്ലു എഫ്, പി സി എഫ്, പ്രവാസി കൗൺസിൽ, ഐ സി എഫ് തുടങ്ങിയ സംഘടനകൾ പ്രസ്താവനയിൽ അറിയിച്ചു. ചരിത്ര നിമിഷത്തെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.


സ്വന്തം നിലയ്ക്കും സൗഹൃദകൂട്ടായ്മകൾ വഴിയും മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ചെറു വിഡിയോകളും ആശംസ കാർഡുകളുമായി കുട്ടികൾ അടക്കമുള്ളവർ പ്രചരണ രംഗത്ത് സജീവമാണ്. മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാൻ സലാലയിലെ സാമുഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന 101 അംഗ സ്വാഗത സംഘമാണ് രൂപികരിച്ചിരിക്കുന്നത്.


പ്രവാസോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം മലയാളം മിഷൻ, ലോക കേരളസഭ, കേരള വിങ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ, കൺവീനർ എ കെ പവിത്രൻ, രക്ഷാധികാരികളായ രാകേഷ് കുമാർ ജാ, പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, കേരള വിങ്ങ് ഒബ്സർവർ പ്രവീൺ, കേരള വിങ്ങ് കൺവീനർ സനീഷ് ചക്കരക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home