ആർടിഎയുടെ സ്മാർട്ട് മിനിബസ്; 1.93 ലക്ഷം യാത്രക്കാർ കടന്നു

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ആപ്പ് അധിഷ്ഠിത സ്മാർട്ട് മിനിബസ് സേവനം 1.93 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിച്ചതായി അധികൃതർ. ഒരേ ദിശയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുൻകൂട്ടി ബുക്ക്ചെയ-്‌ത് ഒരേ വാഹനത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഇൗ സേവനം 2024 ഡിസംബറിലാണ് ആരംഭിച്ചത്. പൊതുഗതാഗതം കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമാക്കുന്നതിനും ദുബായെ സ്മാർട്ട് മൊബിലിറ്റിയിലെ ആഗോളമാതൃകയാക്കി മാറ്റുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് സേവനം നടപ്പാക്കിയത്.
2025 ഒക്ടോബറിലാണ് സേവനം ഏറ്റവും കൂടുതൽ യാത്രക്കാരെ രേഖപ്പെടുത്തിയത്. 18,000-ത്തിലധികം പേർ. താമസമേഖലകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള സൗകര്യപ്രദമായ യാത്രയ്ക്കുള്ള ആവശ്യകത വർധിക്കുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
വാഹനങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനും മിനിബസ് സേവനം സഹായകമാണെന്ന് ആർടിഎ അറിയിച്ചു. കൂടാതെ താമസ–-വാണിജ്യ മേഖലകളെ പൊതുഗതാഗത ശൃംഖലയുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കാനും സേവനം സഹായിക്കുന്നു.
നിലവിൽ ദുബായിലെ പ്രധാന മേഖലകളിലാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുള്ള പഠനങ്ങളും പുരോഗമിക്കുകയാണ്. മൂന്ന് അംഗീകൃത ഓപ്പറേറ്റിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് നിലവിൽ സേവനം ലഭ്യമാകുന്നത്. യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പും മികച്ച സേവന നിലവാരവും ഉറപ്പാക്കുന്നതിനൊപ്പം സ്മാർട്ട് മൊബിലിറ്റി രംഗത്തെ നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംവിധാനം സഹായകമാകുമെന്ന് ആർടിഎ വ്യക്തമാക്കി.










0 comments