സൈക്ലിങ്: 13 ട്രാക്ക് പൂർത്തിയാക്കി ദുബായ് ആർടിഎ

photo credit: government of dubai media office
ദുബായ് : സൈക്ലിങ് സൗകര്യം വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എമിറേറ്റിലാകെ 13 പുതിയ സൈക്ലിങ് ട്രാക്ക് പൂർത്തിയാക്കി ദുബായ് ആർടിഎ. 162 കിലോമീറ്റർ ദൈർഘ്യമുള്ള 15 ട്രാക്ക് ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വികസനം. പുതിയ ശൃംഖല അൽ ഖവാനീജുമുതൽ അൽ മംസാർ കടൽത്തീരംവരെയും അൽ വർഖമുതൽ സൈഹ് അൽ സലാംവരെയും ദുബായ് അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രംമുതൽ ജുമൈറവരെയും നിലവിലുള്ള ട്രാക്കുകളുമായി ബന്ധിപ്പിക്കുന്നു.
2030ന് മുമ്പ് ദുബായിലെ സൈക്ലിങ് ശൃംഖല 1000 കിലോമീറ്ററായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ അറിയിച്ചു. താമസമേഖലകളെയും പ്രധാന കേന്ദ്രങ്ങളെയും പൊതുഗതാഗത നിലയങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ശൃംഖലയായി ട്രാക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ജനസാന്ദ്രത, ഭൂമിയുടെ ഉപയോഗരീതി, ടൂറിസം- സാമ്പത്തിക കേന്ദ്രങ്ങളോട് അടുത്തുള്ള സ്ഥാനം, പൊതുഗതാഗത ബന്ധം എന്നിവ പരിഗണിച്ചാണ് ട്രാക്കുകളുടെ സ്ഥാനം നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2024 അവസാനം 560 കിലോമീറ്റർ ആയിരുന്ന സൈക്ലിങ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 2025ൽ 636 കിലോമീറ്ററായി ഉയർന്നു. സൈക്ലിങ് യാത്രകൾ 4.66 കോടിയിൽനിന്ന് 5.73 കോടിയായും വർധിച്ചു. ഉപയോക്തൃ സംതൃപ്തി 85 ശതമാനമാനത്തിൽ എത്തി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ പ്രധാന പാതകളുടെ മുകളിലൂടെ സൈക്ലിങ്, -നടപ്പാത പാലങ്ങൾ നിർമിക്കുന്നതും പുരോഗമിക്കുകയാണ്. പുതിയ പദ്ധതികളിൽ അൽ ബർഷ, അൽ ഷിന്ദഗ എന്നിവിടങ്ങളിലായി അധിക ട്രാക്കുകളും ഉൾപ്പെടുന്നു. ഇവയിൽ ചിലത് ഈ വർഷം രണ്ടാം പാദത്തിൽ പൊതുജനങ്ങൾക്ക് തുറന്നുനൽകുമെന്നും മാത്തർ അൽ തായർ അറിയിച്ചു.











0 comments