റോയൽ ഓപ്പറ ഹൗസ് മസ്‌കത്തിന്റെ പുതിയ സീസൺ തുടങ്ങുന്നു

മസ്‌കത്ത് : ഒമാനി സാഹസികന്റെ യാത്രയിലൊന്നിനെ എടുത്തുകാണിക്കുന്ന "സിൻബാദ്: ദ ഒമാനി സെയിലർ’ എന്ന ഓപ്പറയോടെ റോയൽ ഓപ്പറ ഹൗസ് മസ്‌കത്തിന്റെ പുതിയ സീസൺ ആരംഭിക്കും. ബുഡാപെസ്റ്റ് പാലസ് ഓഫ് ആർട്‌സുമായി സഹകരിച്ചാണ് നിർമാണം. ഹംഗേറിയൻ റേഡിയോ സിംഫണി ഓർക്കസ്ട്ര, ഓറിയന്റൽ ബാൻഡ്, ഒമാനി ഓപ്പറ ഗായകസംഘം, ഗ്യോർ ബാലെ, സൂറിലെ അൽ -അജ്യാൽ പോപ്പുലർ ബാൻഡ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് അവതരണം.
ഓപ്പറയുടെ ആദ്യത്തിൽ, വർഷങ്ങളോളം കടലിൽ കഴിഞ്ഞ നാവികർ തിരിച്ചെത്തുന്നതിനെയാണ് ചിത്രീകരിക്കുന്നത്. അവയിൽ സിൻബാദ് വിജയിയായി കാണുന്നു. പക്ഷേ, ഭരണാധികാരി തന്റെ ഇളയ മകളെ തിരയാനുള്ള ദൗത്യത്തിനായി വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ആഘോഷം പെട്ടെന്ന് അവസാനിക്കുന്നു. പിന്നീട് കപ്പൽ മുങ്ങിയതിനുശേഷമുള്ള സാഹസികതയും അപകടങ്ങൾ നേരിടുന്ന അജ്ഞാത ദ്വീപിലെത്തുന്നതും ചിത്രീകരിക്കുന്നു.
ഒമാനി വാസ്‌തുവിദ്യ രംഗങ്ങൾ, പരമ്പരാഗത വസ്ത്രങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട വസ്ത്രങ്ങൾ, ഒമാൻ സുൽത്താനേറ്റിന്റെ പ്രകൃതി ന്നുസൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന രംഗങ്ങൾ എന്നിവയിലൂടെ ഒമാനി സ്വത്വത്തിന്റെ ആഴം എടുത്തുകാണിക്കുന്നതാണ് ഷോ. സമ്പന്നമായ സമുദ്ര പൈതൃകവും ഒമാനി സാംസ്‌കാരിക പൈതൃകവും ഇത് ഉൾക്കൊള്ളുന്നു. പാശ്ചാത്യ റൊമാന്റിസിസത്തെ അറബി ഒമാനി സംഗീത രീതികളും താളങ്ങളുമായി സംയോജിപ്പിക്കുന്നതാണ് പരിപാടി.








0 comments