ഖത്തറിൽ കുടുങ്ങിയ സഞ്ചാരികൾക്ക് ആശ്വാസം; ഹോട്ടൽ താമസം നീട്ടി, ചിലവ് സർക്കാർ വഹിക്കും

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും വിമാന സർവീസുകൾ നിർത്തിവച്ചതും കണക്കിലെടുത്ത് രാജ്യത്തുള്ള വിദേശ വിനോദസഞ്ചാരികൾക്കായി സുപ്രധാന പ്രഖ്യാപനവുമായി ഖത്തർ. രാജ്യത്ത് കുടുങ്ങിപ്പോയ അതിഥികളുടെ ഹോട്ടൽ താമസ കാലാവധി നീട്ടി നൽകും. അധിക ചെലവ് സർക്കാർ വഹിക്കുമെന്നും അധികൃതർ അറിയിച്ചു.
ഹോട്ടൽ താമസം പൂർത്തിയാക്കിയിട്ടും യാത്രാനിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഫെബ്രുവരി 28 മുതൽ താമസം നീട്ടി നൽകാൻ ഖത്തർ ടൂറിസം നിർദേശം നൽകിയിരുന്നു. വിമാനത്താവളങ്ങൾ തുറക്കുകയും വ്യോമഗതാഗതം സാധാരണ നിലയിലാകുകയും ചെയ്യുന്നതുവരെ അധിക ചെലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും.
സന്ദർശകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് രാജ്യത്തെ ഹോട്ടൽ മാനേജർമാർക്ക് ഔദ്യോഗിക സർക്കുലർ അയച്ചിട്ടുണ്ട്. ഖത്തർ ടൂറിസത്തിന്റെ പ്രത്യേക സംഘം ഹോട്ടലുകളുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ നൽകും. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കും സന്ദർശകർക്കും ഉണ്ടാകുന്ന സാമ്പത്തിക ഭാരവും മാനസിക വിഷമവും കുറയ്ക്കാൻ നടപടി സഹായിക്കും.









0 comments