ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനം: 5.6 ശതമാനം ഉയർന്നു

മസ്‌കത്ത്: ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം സെപ്തംബർ അവസാനത്തോടെ 5.6 ശതമാനം വർധിച്ചതായി റിപ്പോർട്ട്. രജിസ്റ്റർ ചെയ്ത ആകെ വാഹനങ്ങൾ 18,25,032 ആയതായും റിപ്പോർട്ടിലുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രജിസ്റ്റർ ചെയ്തവയിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളാണ്, 14,46,163 എണ്ണം. 79.2 ശതമാനമാണിത്. തൊട്ടുപിന്നിൽ വാണിജ്യവാഹനങ്ങളാണ്, 2,69,473. 14.8 ശതമാനമാണിത്. 42,937 വാടക വാഹനങ്ങളും രജിസ്റ്റർ ചെയ്‌തു, 2.4 ശതമാനം. ടാക്‌സി വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ എന്നിവയാണ് രജിസ്റ്റർ ചെയ്‌ത മറ്റു വാഹനങ്ങൾ.
നിറത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചാൽ വെള്ളനിറത്തിലുള്ള വാഹനങ്ങളാണ് ഏറ്റവും കൂടുതൽ. 7,72,228 വാഹനം, 42 ശതമാനമാണിത്. വെള്ളി നിറത്തിലുള്ള 2,34,867 വാഹനവും ചാര നിറത്തിലുള്ള 1,86,617 വാഹനവുമുണ്ട്. 1500നും 3000നും ഇടയിൽ എൻജിൻ ശേഷിയുള്ള വാഹനങ്ങളാണ് 54.5 ശതമാനം. 9,93,985 വാഹനങ്ങളാണിത്. രജിസ്റ്റർ ചെയ്തതിൽ ഏറ്റവും വലിയ പങ്ക് മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളാണ്. 16,55,501 വാഹനം ഇൗ വിഭാഗത്തിൽ വരും. 90.7 ശതമാനമാണിത്.









0 comments