ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ്; കഴിഞ്ഞ മാസം എത്തിയത് 1.17 കോടിയിലേറെ പേർ

ജിദ്ദ: വിശുദ്ധ നഗരങ്ങളിലെ ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ ഹിജ്‌റ മാസമായ റബീഉൽ ആഖിറിൽ 1.17 കോടിയിലധികം തീർഥാടകർ ഉംറ നിർവഹിച്ചു. തീർഥാടകർക്കായി ഒരുക്കിയ മെച്ചപ്പെട്ട സേവനങ്ങളുടെയും ആധുനിക സൗകര്യങ്ങളുടെയും ഫലമായാണ് ഈ വർധനയെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വിസ നടപടിക്രമങ്ങളും സംയോജിത ലോജിസ്റ്റിക് സേവനങ്ങളും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കിയതാണ് വിദേശ തീർഥാടകരുടെ എണ്ണം കൂടാൻ പ്രധാന കാരണം. ഹറമുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ രാജ്യം വിടുന്നത് വരെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകുക എന്നിവയായിരുന്നു അധികൃതരുടെ മുഖ്യ ലക്ഷ്യങ്ങൾ. തീർഥാടകർക്ക് കൂടുതൽ സുഗമവും ആശ്വാസകരവുമായ അനുഭവം ഉറപ്പാക്കാൻ ഡിജിറ്റൽ, ഓപ്പറേഷണൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും അധികൃതർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.











0 comments