നഖലിലെ റമദാൻ ഗ്രാമം; സാമൂഹിക ഇടപെടലിൻറെ വ്യത്യസ്ത വേദി

മസ്‌ക്കറ്റ് : ദക്ഷിണ ബാത്തിന ഗവർണറുടെ കാര്യാലയവും നഖൽ നഗരസഭയുമായി സഹകരിച്ച് തയ്യാറാക്കിയ 'റമദാൻ ഗ്രാമം' കഴിഞ്ഞ ശനിയാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നഖൽ നഗരപാലകൻ വാലി ഖലീഫ ബിൻ സാലിഹ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് ഗ്രാമം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
റമദാൻ മാസത്തിൽ പ്രാദേശിക ചെറുകിട വ്യാപാരങ്ങളെ പിന്തുണയ്ക്കുക, ഒമാനി പാരമ്പര്യങ്ങൾ സംരക്ഷിക്കുക, സമൂഹത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കൊപ്പം സാമ്പത്തിക ഉണർവ്വ് സൃഷ്ടിക്കുക, പൊതുജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ഈ സംരംഭത്തിലൂടെ സാധിതപ്രായമാക്കുകയാണ് തങ്ങളെന്ന് ഗവർണർ കാര്യാലയ വൃത്തങ്ങൾ അറിയിച്ചു.
റമദാനിലുടനീളം പരമ്പരാഗത വിപണികൾ, തത്സമയ പാചക പ്രദർശനങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, കുട്ടികൾക്കായി സംവേദനാത്മക വർക്ക്‌ഷോപ്പുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഗ്രാമം ആതിഥേയത്വം വഹിക്കുമെന്നും മതപരമായ പ്രഭാഷണങ്ങൾ, ജീവകാരുണ്യ സംരംഭങ്ങൾ, സമൂഹ ഒത്തുചേരലുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
ദക്ഷിണ ബാത്തിന ഗവർണറേറ്റിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന 'റമദാൻ ഗ്രാമം' സാംസ്കാരികവും, വാണിജ്യവും, വിനോദവും സമന്വയിപ്പിക്കുന്ന പൊതുവേദിയായി മാറുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.









0 comments