മുറപോലെ തുടരുന്നു റമദാനിലെ കാരുണ്യപ്പെയ്ത്ത്

ദുബായ് സിലിക്കോൺ ഒയാസിസ് പള്ളിയിൽ ഇഫ്താർ ഭക്ഷണമൊരുക്കാൻ തയാറെടുക്കുന്ന വളണ്ടിയർമാർ

ദുബായ് സിലിക്കോൺ ഒയാസിസ് പള്ളിയിൽ ഇഫ്താർ ഭക്ഷണമൊരുക്കാൻ തയാറെടുക്കുന്ന വളണ്ടിയർമാർ

avatar
അഡ്വ.മുഹമ്മദ് സാജിദ്

Published on Mar 27, 2025, 02:59 PM | 2 min read

ദുബായ് : പതിവ് പോലെ കാരുണ്യത്തിന്റെ മാസമായ പുണ്യറമദാനിൽ യു എ ഇ യിലെങ്ങും അനുകമ്പയുടെയും സഹായഹസ്തങ്ങളുടെയും പെരുമഴ തുടരുകയാണ്.


ഭരണാധികാരികളുടെ രക്ഷകർത്രിത്വത്തിലും മേൽനോട്ടത്തിലും ഏകദേശം 50 ലക്ഷത്തോളം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തു വരുന്നത്. ദിനംപ്രതി വിവിധ രാജ്യക്കാരും, നാനാജാതിക്കാരും, മതവിഭാഗക്കാരുമായ ഒന്നര ലക്ഷത്തിലേറെ ആളുകൾ നോമ്പു തുറയിലൂടെയും, അത്താഴ വിരുന്നിലൂടെയും ഇതിന്റെ ഗുണഭോക്താക്കളാകുന്നു.


സന്നദ്ധ സംഘടനകൾ വഴിയും, വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ചും പതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകളാണ് ദിനേന വിതരണം ചെയ്യപ്പെടുന്നത്. പഴ വർഗങ്ങളും, കുടിവെള്ളം, കാരക്ക എന്നിവയും ജ്യൂസുകളും വേറെയും വിതരണം ചെയ്തു വരുന്നുണ്ട്. ഭിക്ഷാടനം കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് അത്തരത്തിലുള്ള സഹായവും, രോഗികൾക്ക് മരുന്നുകളും നൽകുന്നു.


യു എ ഇ ക്കു പുറമെ പട്ടിണിയിൽ കഴിയുന്ന അവികസിത രാജ്യങ്ങളിലെ അർഹരായവരിലേക്കും ഇവ എത്തിക്കുന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ്, കമ്യുണിറ്റി അതോറിറ്റി, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, നാബാദ് അൽ ഇമറാത് തുടങ്ങിയ അംഗീകൃത സന്നദ്ധ സംഘടനകളിലൂടെയാണ് വ്യവസ്ഥാപിതമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു വരുന്നത്.


ഇതിനായി ഇഫ്താർ ടെൻറ്റുകളും, പള്ളികളിൽ പ്രത്യേക സജ്ജീകരണങ്ങളുമൊരുക്കുന്നു. അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, റാസൽ ഖൈമ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ എന്നീ ഏഴു എമിറേറ്റുകളിലും ഇത്തരം കേന്ദ്രങ്ങൾ സജീവമാണ്. സാധാരണക്കാരുടെ കൂടെയിരുന്നു ഇത്തരം ഭക്ഷണപ്പൊതികൾ വാങ്ങി നോമ്പു തുറക്കാൻ ഭരണാധികാരികൾ പോലും ഒത്തു ചേരുന്നു എന്നത് മറ്റു ഭരണകർത്താക്കൾക്ക് മാതൃകയാണ്.


ആശുപത്രികളിലും, തിരക്കേറിയ ട്രാഫിക് സിഗ്നലുകളിലും, പെട്രോൾ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും നോമ്പു തുറയുടെ സമയങ്ങളിൽ ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത് രോഗികൾക്കും, തിരക്കിട്ടു യാത്ര ചെയ്യുന്ന നോമ്പുകാർക്കും വളരെ ആശ്വാസമാകുന്നു. രോഗികളുമായവരുടെ വീടുകളിൽ ഭക്ഷ്യ ധാന്യ പൊതികളടങ്ങിയ കിറ്റുകൾ നേരിട്ട് എത്തിക്കുകയും ചെയ്യുന്നു.


ആയിരക്കണക്കിന് സേവന തല്പരരായ സന്നദ്ധ സംഘടന വളണ്ടിയർമാരാണ് ഈ സദുദ്യമത്തിന് രാപകലില്ലാതെ റമദാൻ മുപ്പതു ദിനവും നേതൃത്വം നൽകുന്നത്. ജാതിമത ഭേദമില്ലാതെ സ്വദേശികളും വിദേശികളുമായ കുട്ടികളും, വൃദ്ധരും സ്ത്രീകളുമടക്കം സന്നദ്ധ സേവകരായി യു എ ഇ നിവാസികൾ ഈ ഉദ്യമത്തിൽ മാത്സര്യത്തോടെ പങ്കാളികളാവുന്നു. കെ എം സി സി, എം എസ് എസ്,

ഐ സി എഫ്, ഇൻകാസ്, ഓർമ തുടങ്ങിയ പ്രവാസി സംഘടനകളും, അക്കാഫ്, ഫോസ തുടങ്ങിയ കേരളത്തിലെ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനകളും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ട്.


ഭരണാധികാരികളുടെ രക്ഷകർത്രിത്വത്തിലും മേൽനോട്ടത്തിലുമാണ് ഏകദേശം 50 ലക്ഷത്തോളം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു വരുന്നത്. ദിനംപ്രതി വിവിധ രാജ്യക്കാരും, നാനാജാതിക്കാരും, മതവിഭാഗക്കാരുമായ ഒന്നര ലക്ഷത്തിലേറെ ആളുകൾ നോമ്പു തുറയിലൂടെയും, അത്താഴ വിരുന്നിലൂടെയും ഇതിന്റെ ഗുണഭോക്താക്കളാകുന്നു.


റമദാൻ പ്രമാണിച്ച് വിവിധ എമിറേറ്റുകളിലായി ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇതുമൂലം ചെറിയ കുറ്റങ്ങളുടെയും, സാമ്പത്തിക ഇടപാടുകളുടെയും പേരിൽ ജയിലിൽ കഴിഞ്ഞു വന്നിരുന്ന ഇത്തരക്കാരുടെ മോചനം അനേകായിരം കുടുംബങ്ങളുടെ കണ്ണീരൊപ്പാനാണുതകുന്നത്.


റമദാനിലെ നിർബന്ധിത സകാത്തും, പെരുന്നാൾ രാവിലെ ഫിത്തർ സകാത്തും റെഡ് ക്രസന്റും മറ്റു അംഗീകൃത സംഘടനകൾ വഴിയും ശേഖരിച്ചു നിയമനുസ്ത്രിതമായി അർഹരായവരുടെ കൈകളിലേക്കെത്തിക്കുന്നു. പെരുന്നാളിന് ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു വരുന്നു.


റമദാൻ മാസക്കാലത്തു നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളിൽ യു എ ഇ യുടെ പദ്ധതികൾ മറ്റു ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയായിത്തീരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home