ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കണം: ഖത്തർ പ്രധാനമന്ത്രി

ദോഹ : ഗൾഫ് മേഖലയിലെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും നിലവിലെ സംഘർഷത്തിന് നയതന്ത്ര മാർഗങ്ങളിലൂടെ പരിഹാരം കാണാൻ ഇരുകക്ഷികളും തയ്യാറാവണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വലിയ വഞ്ചനയാണെന്നും പ്രാദേശിക വിശ്വാസത്തെ ബാധിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നും സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയത് ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു.
യുദ്ധം ആരംഭിച്ചയുടൻ ഒരു മണിക്കൂറിനകം തന്നെ ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളും ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പങ്കെടുക്കില്ലെന്നും സമാധാനപരമായ പ്രാദേശിക അന്തരീക്ഷം എപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
നയതന്ത്ര പരിഹാരങ്ങളിൽ എത്തിച്ചേരാൻ ഇറാനെയും അമേരിക്കയെയും തങ്ങൾ സഹായിക്കുകയായിരുന്നുവെന്നും ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങൾ ആ ശ്രമങ്ങളെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സംഘർഷത്തിന് നയതന്ത്രപരമായ ചില പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. എന്നാൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ തീരുമാനം എല്ലാം നശിപ്പിച്ചു–അദ്ദേഹം പറഞ്ഞു. തിരിച്ചടിയുണ്ടായിട്ടും ഖത്തർ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ദൈനംദിന ജീവിതത്തിന്റെ സ്ഥിരതയ്ക്കും മുൻഗണന നൽകുന്നത് തുടരുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.










0 comments