ഇറാന് പൂര്‍ണ ബഹിഷ്‌കരണം; പ്രമേയം ഐകകണ്ഠേന പാസാക്കി ബഹ്റൈന്‍ പാര്‍ലമെന്റ്

മനാമ : ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം ഐകകണ്ഠേന അംഗീകാരിച്ച് ബഹ്റൈന്‍ പാര്‍ലമെന്റ്. ബുധനാഴ്ച ചേര്‍ന്ന സഭയിലാണ് ബഹ്റൈന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക നീക്കം. മുഹമ്മദ് അല്‍ ഒലൈവി എംപിയുടെ നേതൃത്വത്തില്‍ നാലംഗങ്ങളാണ് രാഷ്ട്രീയവും നയതന്ത്രപരവും സാമ്പത്തികവും കായികവുമായ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ബഹ്റൈന്‍, ജിസിസി രാജ്യങ്ങള്‍, ജോര്‍ദാന്‍ എന്നിവയ്ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുക, തെഹ്റാനുമായുള്ള വ്യാപാര ബന്ധം ഉടനടി നിര്‍ത്തലാക്കുക, നിലവിലുള്ള സ്റ്റോക്കുകള്‍ ഒഴിവാക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൃത്യമായ സാവകാശം നല്‍കുക എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യോമ, -സമുദ്ര ഗതാഗതങ്ങളും നിര്‍ത്തലാക്കണമെന്നും പ്രമേയത്തിലുണ്ട്.
ഇതൊരു രാഷ്ട്രീയ വിയോജിപ്പ് മാത്രമല്ല, രാജ്യത്തിന്റെ സ്ഥിരതയ്ക്കും പ്രാദേശിക സുരക്ഷയ്ക്കും എതിരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്ന് മുഹമ്മദ് അല്‍ ഒലൈവി പറഞ്ഞു. അയല്‍രാജ്യങ്ങളായ ജിസിസി രാഷ്ട്രങ്ങളോടും ജോര്‍ദാനോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ബഹ്റൈന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലമെന്റിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കാനും ശത്രുതാപരമായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനുമാണ് നടപടികളെന്ന് പ്രമേയത്തിനൊപ്പമുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റ് പ്രമേയം അംഗീകരിച്ചതോടെ ഇനി സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. വ്യാപാര ശൃംഖലയെയും ഗതാഗത സംവിധാനങ്ങളെയും ബാധിക്കാത്ത രീതിയില്‍ ഇത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ബഹ്റൈന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഇറാനിയന്‍ പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, കാര്‍പെറ്റുകള്‍, കുങ്കുമപ്പൂവ് എന്നിവയുടെ വിപണനത്തെ തീരുമാനം നേരിട്ട് ബാധിക്കും. വിദേശനയത്തിലും വ്യാപാരനയത്തിലും സമീപകാലത്ത് പാര്‍ലമെന്റ് സ്വീകരിച്ച ഏറ്റവും ശക്തമായ നിലപാടുകളിലൊന്നാണിത്.










0 comments