ad
Deshabhimani

ഗതാഗത നിയമലംഘനം തടയൽ; ബഹ്‌റൈനിലെ റോഡുകളില്‍ എഐ ക്യാമറ

ai
വെബ് ഡെസ്ക്

Published on Feb 02, 2026, 11:44 AM | 1 min read

മനാമ: ഗതാഗത നിയമലംഘനം പിടികൂടാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നൂതന സ്‌മാര്‍ട്ട് ക്യാമറ സംവിധാനം ബഹ്‌റൈനിലെ റോഡുകളില്‍ നിലവില്‍ വന്നു. വാഹനങ്ങളുടെ വേഗം മാത്രമല്ല, സൂക്ഷ്മ നിയമലംഘനങ്ങളും കൃത്യമായി കണ്ടെത്താന്‍ ശേഷിയുള്ളതാണ് ക്യാമറ. ജനുവരിയില്‍ ആറു പേര്‍ വാഹനാപകടങ്ങളില്‍ മരിച്ച സാഹചര്യത്തിലാണ് ഗതാഗത സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ ഒന്നാം ഘട്ടം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.


ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യല്‍ എന്നിവയൊക്കെ ക്യാമറകള്‍ ഒപ്പിയെടുക്കും. ചുവപ്പ്‌ സിഗ്‌നൽ മറികടക്കുക, നിശ്ചിത ട്രാക്കിലൂടെയല്ലാതെ വാഹനം ഓടിക്കുക, മഞ്ഞ ലൈന്‍ ലംഘിക്കുക, ഹെവി വാഹനങ്ങള്‍ നിശ്ചിത സമയങ്ങളിലല്ലാതെ റോഡിലിറക്കുക, ഇടതു പാതയില്‍ പതുക്കെ പോവുക തുടങ്ങിയ ലംഘനങ്ങളും നിരീക്ഷിക്കും.

നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴയായി നല്‍കേണ്ടി വരും. 20 ദിനാര്‍മുതല്‍ 100 ദിനാര്‍വരെയാണ് സാധാരണ പിഴ. എന്നാൽ, നിയമലംഘനത്തിന്റെ ഗുരുതര സ്വഭാവം അനുസരിച്ച് 500 ദിനാര്‍വരെ പിഴയോ ആറുമാസം തടവോ ലഭിക്കാം. മത്സര ഓട്ടം, മൊബൈല്‍ കൈയിലെടുക്കല്‍ എന്നിവയും ഇതിന്റെ പരിധിയില്‍ വരും. നിയമലംഘനങ്ങളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ഗതാഗത കണ്‍ട്രോള്‍ റൂമില്‍ എത്തുന്നതിനാല്‍ നടപടികള്‍ വളരെ വേഗത്തിലായിരിക്കും. ഡ്രൈവര്‍മാര്‍ തങ്ങളുടെ വിവരങ്ങള്‍ ഇ ട്രാഫിക് ആപ്പിലൂടെയോ ബഹ്‌റൈന്‍ ഡോട്ട് ബിഎച്ച് പോര്‍ട്ടല്‍ വഴിയോ പുതുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


റോഡ് സുരക്ഷ വര്‍ധിപ്പിക്കാനായി സജ്ജീകരിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കാനായി വരും ദിവസങ്ങളില്‍ ഗതഗാത ഡയറക്ടറേറ്റ് ശക്തമായ ക്യാമ്പയിൻ നടത്തും. റോഡിലെ അച്ചടക്കം പാലിച്ച് പിഴകളില്‍നിന്നും അപകടങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ വാഹനമോടിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ നിരീക്ഷണ സംവിധാനത്തിന്റെ കൃത്യതയും പ്രകടനവും അറിയാനായി കഴിഞ്ഞ നവംബറില്‍ 500 സ്മാര്‍ട്ട് ക്യാമറകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈലറ്റ് പ്രൊജക്ടായി സ്ഥാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home