ad
Deshabhimani

മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം, അവസാനഘട്ടം ജനുവരി 1 മുതൽ

plastic
വെബ് ഡെസ്ക്

Published on Dec 25, 2025, 03:45 PM | 1 min read

ദുബായ് : ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനത്തിന്റെ അവസാനഘട്ടം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, കത്തികൾ–ഫോർക്കുകൾ (ചോപ്‌സ്റ്റിക്കുകൾ ഉൾപ്പെടെ), പാനീയ കപ്പുകൾ, അവയുടെ മൂടികൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കും.


നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി സമഗ്രമായ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഉത്തരവിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി അംഗീകൃത പകരം വസ്തുക്കളിലേക്ക് വ്യാപാര സ്ഥാപനങ്ങളും സേവനമേഖലകളും മാറണമെന്നാണ് നിർദേശം. പോളിസ്റ്റൈറീൻ കപ്പുകൾ, പ്ലേറ്റുകൾ, ഭക്ഷണ കണ്ടെയ്‌നറുകൾ, പ്ലാസ്റ്റിക് സ്റ്റിററുകൾ, പ്ലാസ്റ്റിക് കാട്ടൺ ബഡ്സ്, മേശക്കവറുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും ഈ വർഷം തന്നെ നിരോധിച്ചിരുന്നു.


ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യഘട്ടം 2024 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് 2024 ജൂൺ 1-ന് രണ്ടാംഘട്ടം നടപ്പാക്കി എല്ലാ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകളിലേക്കും നിരോധനം വ്യാപിപ്പിച്ചിരുന്നു. 2026 ജനുവരി 1 മുതൽ രാജ്യവ്യാപകമായി നടപ്പാക്കുന്ന രണ്ടാംഘട്ട ക്യാമ്പയിൻ പ്രകാരം കൂടുതൽ വിഭാഗത്തിലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും ബാഗുകളുടെയും ഇറക്കുമതി, നിർമ്മാണം, വ്യാപാരം എന്നിവക്കും വിലക്ക് ഏർപ്പെടുത്തുമെന്ന് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കുന്നതിനായി 2022ലെ മന്ത്രിതല തീരുമാനം നമ്പർ 380 യുഎഇ സർക്കാർ നടപ്പാക്കിയിരുന്നു. തുടർന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവെച്ച എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം വഴി എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർദേശങ്ങൾ നിലവിൽ വന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home