പാസ്‌പോർട്ട് ഫീസ് വർധന; ഒമാനിൽ പ്രതിഷേധം തുടരുന്നു

മസ്‌കത്ത് : ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധം തുടർന്ന് പ്രവാസി സംഘടന പ്രതിനിധികൾ. ഫീസ് വർധന സാധാരണ പ്രവാസി സമൂഹത്തോടുള്ള കടുത്ത അനീതിയാണെന്നും തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ-്‌കുമാർ പ്രസ-്‌താവനയിൽ ആവശ്യപ്പെട്ടു.
ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് പ്രകാരം 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 53.750 ഒമാനി റിയാലും 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് 72.600 റിയാലും നൽകേണ്ടിവരും. ഇന്ത്യയിൽ ഇതേ സേവനത്തിന് ഇന്ത്യൻ സർക്കാർ ഈടാക്കുന്ന ഫീസ് യഥാക്രമം 2500, 3500 രൂപ മാത്രമാണ്. വിദേശത്തെ കോൺസുലർ സേവനങ്ങൾക്കും പുറംകരാർ സംവിധാനത്തിനും അധിക ചെലവുകൾ ഉണ്ടാകുമെന്നത് അംഗീകരിക്കാമെങ്കിലും അതിന്റെ പേരിൽ പ്രവാസികൾക്ക് ഇത്രയും വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാകില്ല.
ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ ഭൂരിഭാഗവും സാധാരണ തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ചെറിയ വരുമാനമുള്ള കുടുംബങ്ങളുമാണ്. വർധിച്ചുവരുന്ന ജീവിതച്ചെലവ്, താമസച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് തുടങ്ങിയ സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ഇത്തരമൊരു വലിയ ഫീസ് വർധന പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കും.
പാസ്പോർട്ട് സേവനങ്ങളെ വരുമാനമാർഗമായി കാണാതെ, പൊതുസേവനമെന്ന നിലയിൽ സമീപിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തിൽ പ്രവാസി സംഘടനകളുമായും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായും കൂടിയാലോചിച്ച് യുക്തിസഹമായ ഫീസ് ഘടന രൂപീകരിക്കണം. കൂടാതെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന കോൺസുലർ സേവനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.










0 comments