പാസ്‌പോർട്ട് ഫീസ് വർധന പുനഃപരിശോധിക്കണം: ഐസിഎഫ് സലാല

സലാല : പാസ്‌പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധന പുനഃപരിശോധിക്കണമെന്നും പ്രവാസി ഇന്ത്യക്കാർക്ക് ബാധകമായ നിരക്കുകളിൽ കുറഞ്ഞത് 50 ശതമാനം കുറവ് വരുത്തണമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സലാല ആവശ്യപ്പെട്ടു. പ്രവാസി പൗരന്മാർക്ക് ലഭിക്കേണ്ട അടിസ്ഥാന സർക്കാർ സേവനമായ പാസ്‌പോർട്ടിന് ഇന്ത്യയിലെ നിരക്കുകളേക്കാൾ പല മടങ്ങ് അധികം തുക വിദേശത്ത് ഈടാക്കുന്നത് നീതിയുക്തമല്ലെന്ന് ഐസിഎഫ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് ഏകദേശം 2,500 രൂപയാണെങ്കിൽ വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിൽ ഇതിനായി 13,500 ൽ അധികം രൂപ നൽകേണ്ടി വരുന്നു. അതുപോലെ, ഇന്ത്യയിൽ 60 പേജുള്ള പാസ്‌പോർട്ടിന് ഏകദേശം 3,500 രൂപ ഫീസ് ഉള്ളപ്പോൾ വിദേശത്ത് അതേ സേവനത്തിന് 18,000 രൂപ വരെയാണ് ഈടാക്കുന്നത്. അതായത്, വിദേശത്തുള്ള ഇന്ത്യക്കാർ ഇതേ സേവനത്തിനായി ഇന്ത്യയിലെ നിരക്കിന്റെ അഞ്ചിരട്ടിയിലധികം തുകയാണ് നൽകേണ്ടിവരുന്നത്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഒരേ സേവനത്തിന് വലിയ ഫീസ് വ്യത്യാസം ഉണ്ടാകുന്നത് പുനഃപരിശോധിക്കണം. സർക്കാർ സേവനങ്ങൾ ജനക്ഷേമത്തിന്റെ ഭാഗമായിരിക്കണമെന്നും പ്രവാസി സമൂഹത്തോട് കൂടുതൽ നീതിയോടെയും പെരുമാറണമെന്നും ഐസിഎഫ്, സലാല റീജിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.











0 comments