ഗുരുതര ചട്ടലംഘനം; അജ്‌മാനിലെ സ്വകാര്യ സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കി

ദുബായ്: ഗുരുതരവും ആവർത്തിച്ചുമുള്ള ലൈസൻസിങ്, അക്രഡിറ്റേഷൻ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അജ്‌മാനിലെ ഹൊറൈസൺ യൂണിവേഴ്സിറ്റി കോളേജിന്റെ സ്ഥാപന ലൈസൻസും അക്കാദമിക് പ്രോഗ്രാമുകൾക്കുള്ള അംഗീകാരവും യുഎഇ ഉന്നത വിദ്യാഭ്യാസ– ശാസ്ത്ര ഗവേഷണ മന്ത്രാലയം റദ്ദാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ലൈസൻസ് റദ്ദാക്കിയതോടെ ഹൊറൈസൺ യൂണിവേഴ്സിറ്റി കോളേജിന് ഇനി ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനവും നടത്താൻ കഴിയില്ല. എല്ലാ അക്കാദമിക് കോഴ്സുകളുടെയും അംഗീകാരം റദ്ദാക്കിയതിനാൽ പുതിയ കോഴ്സുകൾ ആരംഭിക്കാനോ നിലവിലുള്ളവ പഠിപ്പിക്കാനോ സാധിക്കില്ല. പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതും അക്കാദമിക് യോഗ്യതകൾ നൽകുന്നതും വിലക്കിയിട്ടുണ്ട്. ട്രാൻസ്‌ക്രിപ്റ്റുകൾ നൽകുന്നതും നിർത്തിവെക്കും.
നിലവിൽ പഠനം തുടരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ അംഗീകൃതവും ലൈസൻസുള്ളതുമായ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അവരെ മാറ്റുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിനായി മന്ത്രാലയത്തിന്റെ പ്രതിനിധിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. ലൈസൻസുള്ളതും അംഗീകൃതവുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥി മാറ്റം കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുമായും ബന്ധപ്പെട്ട ഏജൻസികളുമായും സഹകരണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന വിദ്യാർഥികളും രക്ഷിതാക്കളും സ്ഥാപനത്തിന്റെ ലൈസൻസും കോഴ്സുകളുടെ അംഗീകാരവും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ വഴി മുൻകൂട്ടി പരിശോധിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.










0 comments