തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞ് കോൺഗ്രസുകാർ

തിരുവനന്തപുരം: നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രി വി ഡി സതീശനെ കോൺഗ്രസുകാർ വഴിയിൽ തടഞ്ഞു. ചെമ്പഴന്തിയിലേയ്ക്ക് പോകുന്ന വഴിയാണ് കോൺഗ്രസ് പ്രാദേശിക പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ കൈകാണിച്ച് നിർത്തിച്ചത്. ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി പോയതിനെ തുടർന്നാണ് പ്രവർത്തകർ വാഹനം തടഞ്ഞത്. വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ വി ഡി സതീശൻ വളരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നതായും തുടർന്ന് പരിപാടിക്കായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും സംഘാടകർ വ്യക്തമാക്കി. സാധാരണഗതിയിൽ ചെമ്പഴന്തിയിലെ പരിപാടിക്കൊപ്പം ചേന്തിയിലെ പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്നത് പതിവായിരുന്നുവെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
എന്നാൽ പരിപാടി മുൻകൂട്ടി നിശ്ചയിച്ചിട്ടും അവസാന നിമിഷം പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ പോവുകയായിരുന്നുവെന്ന് സംഘാടകർ ആരോപിച്ചു. പിന്നാലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ കൈ കാണിച്ച് നിർത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഡിസിസി മെമ്പര്‍ ചേന്തി അനില്‍ രംഗത്തെത്തി. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ തീയതി എടുത്തതാണെന്നും അവസാന നിമിഷം വരെ വരുമെന്ന് പറഞ്ഞുവെന്നും അനിൽ ആരോപിച്ചു.
ഉള്ളൂരില്‍ കല്യാണത്തിന് പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ലെന്നും അനിൽ ആരോപിച്ചു. സംഘാടകര്‍ക്കൊപ്പം ഉണ്ടായിരുന്ന മുതിർന്ന നേതാവായ പീതാംബരക്കുറുപ്പിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയതായും അനിൽ ആരോപിച്ചു. നടക്കാൻ പോലും ആകാത്ത വ്യക്തിയെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുവലിച്ചു മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് കാറിൽ നിന്ന് ഇറങ്ങിവന്ന വി ഡി സതീശൻ പ്രവർത്തകർക്ക് നേരെ ആക്രോശിക്കുകയും ചെയ്തതായി അനിൽ പറഞ്ഞു.









0 comments