ad
Deshabhimani

വെട്ടിമുറിക്കല്‍ ആരും അറിഞ്ഞില്ല; പാലക്കാട്‌ ഡിവിഷന് കൽപ്പിച്ചത്‌ ദയാവധം

Palakkad Division
വെബ് ഡെസ്ക്

Published on Aug 28, 2026, 08:14 PM | 2 min read

തിരുവനന്തപുരം: പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ചതിനു പിന്നിൽ റെയിൽവേയുടെ കൃത്യമായ കേരള വിരുദ്ധ അജണ്ട. രാജ്യത്ത്‌ ഏറ്റവും വലിയ വെട്ടിമുറിക്കലുകൾക്ക്‌ വിധേയമായ ഡിവിഷനെ വീണ്ടും വെട്ടിമുറിക്കുന്നത്‌ അതിന്റെ എല്ലാ ശേഷിയും നശിപ്പിച്ച്‌ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്‌.


1978 ൽ തിരുവനന്തപുരം ഡിവിഷൻ രൂപീകരിക്കാനാണ്‌ പാലക്കാടിനെ ആദ്യം വിഭജിച്ചത്‌. 2008 ൽ സേലം ഡിവിഷനു വേണ്ടിയാണ്‌ പാലക്കാട്‌ഡിവിഷനോട്‌ ഏറ്റവും വലിയ കടുംകൈ കാണിച്ചത്‌. സേലം ഡിവിഷനു വേണ്ടി വലിയൊരു ഭാഗം പാലക്കാടിൽ നിന്ന്‌ വേർപ്പെടുത്തി. ആ സമയത്ത്‌ തമിഴ്‌നാട്ടിൽ നിന്നുള്ള പിഎംകെ നേതാവ്‌ ആർ വേലുവായിരുന്നു റെയിൽവേ സഹമന്ത്രി. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്കായി കേരളത്തെ അവഗണിക്കുകയായിരുന്നു.


ഇത്തവണ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്‌ മംഗളൂരു ഉൾപ്പെടുന്ന പാലക്കാടിന്റെ സുപ്രധാന ഭാഗങ്ങൾ മൈസൂരുവിലേക്ക്‌ മാറ്റിയത്‌. ഇതു സംബന്ധിച്ച റെയിൽവേ വിജ്ഞാപനം വന്നപ്പോഴാണ്‌ പാലക്കാട്‌ ഡിവിഷൻ മേധാവി ഉൾപ്പെടെയുള്ളവർ ഇക്കാര്യം അറിഞ്ഞതെന്നാണ് പറയുന്നത്. റെയിൽവേ കൺസൾറ്റേറ്റീവ് കമ്മിറ്റിയോ ബന്ധപ്പെട്ട പാർലമെന്റ് മെമ്പർമാരോ പോലും അറിഞ്ഞില്ല. വിഭജനം കാര്യമായി ബാധിക്കുന്ന ജീവനക്കാരുടെ സംഘടനകളുമായി ഒരു കൂടിയാലോചനയും ഉണ്ടായില്ല.


വെട്ടിമുറിക്കലുകൾ കാരണം രാജ്യത്തെ ഏറ്റവും ചെറിയ ഡിവിഷനുകളിൽ ഒന്നായിപാലക്കാട്‌ ചുരുങ്ങി. മംഗളൂരു പോയതോടെ ഒരു കോച്ചിംഗ് ടെർമിനൽ പോലും ഇല്ലാത്ത നിലയിൽ പ്രവർത്തിക്കേണ്ട ദുസ്ഥിതിയിലാണ്‌ പാലക്കാട്‌. വരുമാനത്തിൽ വലിയ കുറവ്‌ വരുന്നതോടെ പാലക്കാട്‌ ഡിവിഷന്റെ നിലനിൽപ്പ്‌ ചോദ്യംചെയ്യപ്പെടുകയും ഇല്ലാതാവുന്നതിലേക്ക്‌ കാര്യങ്ങൾ നീങ്ങുകയും ചെയ്യും. പൊള്ളാച്ചി അടക്കമുള്ള ഭാഗങ്ങൾ പാലക്കാടിൽ നിന്ന്‌ കവരാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാണ്‌. പൊള്ളാച്ചിയും പോകുന്നതോടെ ഡിവിഷൻ ഇല്ലാതാകലിന്‌ വേഗം കൂടും. റെയിൽവേയുടെ ഏതു കാര്യങ്ങളും ആരുമറിയാതെ ഗസറ്റ് വിജ്ഞാപനം വഴി നടത്താമെന്നു വന്നാൽ അത് റെയിൽവേ ഉപഭോക്താക്കളെയും ജീവനക്കാരെയും ഒരു പോലെ ദോഷകരമായി ബാധിക്കും. അതിനാൽ ഇത്തരം നീക്കങ്ങൾക്കെതിരെ വ്യാപകമായ പ്രക്ഷോഭം ഉയരേണ്ടതുണ്ട്‌.


പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ച നടപടി പിൻവലിക്കണമെന്നും ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ഡിആർഇയു പാലക്കാട്‌ ഡിവിഷണൽ കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചിരിക്കുകയാണ്. 31 ന് ഡിവിഷനിലെ എല്ലാ റെയിൽവേ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന്‌ ഡിആർഇയു ദേശീയ വൈസ് പ്രസിഡന്റ്‌ ആർ ജി പിള്ള അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home