പാമ്പുകടി ഏല്‍ക്കുന്നതില്‍ ഇന്ത്യക്കാര്‍ ഒന്നാമത്; വര്‍ഷം 13 ലക്ഷം കേസുകള്‍

പ്രതീകാത്മക ചിത്രം, എഐ നിർമിതം
ന്യൂഡൽഹി: ലോകത്ത് പാമ്പുകടി റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യയെന്ന് പഠനം. ലോകത്തെ പ്രമുഖ ശാസ്ത്രവിഷയ പ്രസാദ്ധകരായ പിഎൽഒഎസ് (PLOS) പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് പാമ്പുകടിയിൽ ഇന്ത്യ മുന്നിലാണെന്ന് കണ്ടെത്തിയത്. ആഗോളതലത്തിൽ പ്രതിവർഷം 21 ലക്ഷം മുതൽ 70 ലക്ഷം വരെ പാമ്പുകടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതില്‍ 2.74 ലക്ഷം മുതൽ 5.13 ലക്ഷം വരെ മരണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇന്ത്യയിൽ വർഷം 13 ലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.
ഗ്രാമീണ പരിസ്ഥിതി പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് രണ്ട് പതിറ്റാണ്ടിലേറെയായി പാമ്പ് സംരക്ഷകനായ പ്രവര്‍ത്തിക്കുന്ന പ്രണാദ് പാട്ടീലിന്റെ അഭിപ്രായം. ഗ്രാമങ്ങള്‍ കൂടുതലായുള്ള ഇന്ത്യയിലാണ് പാമ്പുകളെ കൂടുതലായും കാണപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. പാമ്പുകടിയേറ്റവര്‍ ചികിത്സ തേടാൻ വൈകുന്നത് മരണ സാധ്യത വർധിപ്പിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും പാമ്പുകളെ കുറിച്ചുള്ള വ്യാജകഥകൾ പ്രചരിക്കുന്നുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. പാമ്പുകളെ ചുറ്റിപ്പറ്റിയുള്ള നിരവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു, പ്രതികാരം ചെയ്യാനാണ് പാമ്പ് കടിക്കുന്നതെന്ന ധാരണ തീർത്തും അബദ്ധമാണെന്ന് പാട്ടീൽ പറയുന്നു.
ഇണയെ ഉപദ്രവിച്ചാൽ പെൺമൂർഖൻ പ്രതികാരം ചെയ്യാൻ എത്തുമെന്നും പാമ്പുകൾക്ക് മനുഷ്യരുടെ മുഖം ഓർത്തുവയ്ക്കാൻ കഴിയുമെന്നുമുള്ള അവകാശവാദങ്ങൾ കേട്ടിട്ടുണ്ടെന്നും പാട്ടീൽ സൂചിപ്പിച്ചു. മൂർഖൻ പാമ്പിന്റെ തല വെട്ടിപ്പൊളിച്ചപ്പോൾ അതിനുള്ളിൽ 32 എംബി മെമ്മറി കാർഡ് കണ്ടെത്തിയെന്നതാണ് അതിൽ ഏറ്റവും വിചിത്രമായ കഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് പഴയക്കാല കെട്ടുകഥകളല്ലെന്നും 2011-12 കാലത്ത് കേട്ടതാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളിൽ നിന്ന് കുട്ടികൾ ഇത്തരം കഥകൾ കേൾക്കുമ്പോൾ അവരും അത് അന്ധമായി വിശ്വസിക്കുകയാണെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. പാമ്പുകടിക്കെതിരെ ജാഗതയോടെ ഇരിക്കേണ്ട സമയം മൺസൂൺ കാലമാണെന്നും പാട്ടീൽ പറഞ്ഞു.
എന്തുകൊണ്ട് മൺസൂൺ കാലം വില്ലനാകുന്നു..?
മഴക്കാലത്ത് പാമ്പുകളുടെ സഞ്ചാരത്തിലും ഭക്ഷണലഭ്യതയിലും മാറ്റങ്ങളുണ്ടാകുന്നു. പാമ്പുകളുടെ ഇരകളിലൊന്നായ തവളകൾ മഴക്കാലത്ത് ഇറങ്ങുന്നതോടെ പാമ്പുകളും സജീവമാകും. കൃഷിയിടങ്ങളിൽ കൂടുതലായി കണ്ടുവരുന്ന പാമ്പുകളിൽ ഒന്നാണ് അണലി. കാലവർഷത്തിൽ കൃഷിയിടങ്ങളും ഉണരുന്നതോടെ അണലി പോലുള്ള വിഷപാമ്പുകൾക്ക് സുരക്ഷിതമായി കയറി ഇരിക്കാനുള്ള ഇടവുമാണ് ഒരുങ്ങുന്നത്.
ഇതോടെ മനുഷ്യരിലേയ്ക്കുള്ള പാമ്പുകളുടെ ദൂരവും കുറയുന്നു. പാമ്പുകളിൽ അധികവും ഇരുണ്ടതും വരണ്ടതുമായ ഇടങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് പാട്ടീൽ പറയുന്നു. അതുകൊണ്ടുതന്നെ കാർഷിക ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളും വിറകുപ്പുരയും ഷെഡുകളും പാമ്പുകൾക്ക് സ്വൈര്യ വിഹാരത്തിനുള്ള ഇടങ്ങളായി മാറുന്നു.
അപകടത്തിന് പിന്നിൽ 4 പാമ്പുകൾ
ഇന്ത്യയിൽ നൂറുക്കണക്കിന് ഇനം പാമ്പുകളുണ്ടെങ്കിലും കടിയേറ്റാൽ മരണത്തിലേയ്ക്ക് വരെ നയിക്കുന്നതും മനുഷ്യവാസമേഖലകളോട് ചേർന്നു നിൽക്കുന്നതുമായ 4 ഇനം പാമ്പുകളാണ് ഉള്ളത്. മൂർഖൻ (Spectacled Cobra), ശംഖുവരയൻ (Indian Krait), അണലി (Russell’s Viper), ചുരുട്ടയണലി (Saw-scaled Viper), എന്നിവയാണ് അപകടകാരികളായ നാല് ഇനം പാമ്പുകൾ. ഇവ ബിഗ് ഫോർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ വ്യാപകമായി കാണപ്പെടുന്നവയാണെന്നും മനുഷ്യവാസകേന്ദ്രങ്ങളോട് ചേർന്ന് ജീവിക്കാൻ പാമ്പുകൾക്ക് കഴിയുന്നുവെന്നും പാട്ടീൽ പറയുന്നു.
ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് ബിഗ് ഫോറിന്‍റെ മറ്റൊരു പ്രത്യേകത. അതിനാലാണ് ഇന്ത്യയിൽ ഈ നാല് ഇനം പാമ്പുകളുടെയും വിഷത്തിനെതിരെ ഫലപ്രദമാകുന്ന പോളിവാലന്റ് ആന്റിവെനം ഉപയോഗിക്കുന്നതെന്ന് പാട്ടീൽ പറയുന്നു.









0 comments