ad
Deshabhimani

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച്‌ കുര്യന്റെ സംസ്കാരം നാളെ

PH Kurian.jpg

പി എച്ച് കുര്യൻ്റെ മൃതദേഹം പാമ്പാടിയിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കുടുംബാംഗങ്ങൾ സമീപം| ഫോട്ടോ: മനു വിശ്വനാഥ്

വെബ് ഡെസ്ക്

Published on Aug 28, 2026, 07:52 PM | 2 min read

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി എച്ച് കുര്യന്റെ (67) സംസ്കാരം നാളെ നടക്കും. ശനിയാഴ്ച പാമ്പാടി കുറ്റിക്കല്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പളളിയിലാണ് സംസ്കാരം. ശനി 11.30 ന് വസതിയിലെ ശുശ്രൂഷകൾ ആരംഭിക്കും. 12.15ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ മൃതദേഹം എത്തിക്കും. പകൽ ഒന്നിന്‌ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹനോർ മാർ ദിയസ്കോറോസിന്റെ മുഖ്യ കാർമികത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.


അർബുദ ബാധിതനായി തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി എച്ച് കുര്യൻ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ മുട്ടടയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. വൈകിട്ട്‌ മൂന്നരയോടെ സൗത്ത് പാമ്പാടി കുറ്റിക്കലുള്ള പുല്ലുക്കോട്ടയിൽ വസതിയിലെത്തി.


1986 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ പി എച്ച് കുര്യൻ, നിർണായക ഒ‍ൗദ്യോഗിക ചുമതലകൾ വഹിച്ചു. പാലക്കാട്, പാലാ സബ് കലക്ടറായും കോട്ടയം, ഇടുക്കി ജില്ലകളിൽ കലക്ടറായും പ്രവർത്തിച്ചു. സെക്രട്ടറി പദവിയിൽ എത്തിയ ശേഷം റവന്യൂവിനു പുറമേ വ്യവസായം, ഐടി, മരാമത്ത്, തുറമുഖം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു. ഹൗസിങ് ഡിപ്പാർട്ട്മെന്റ് അഡീഷനൽ ചീഫ് സെക്രട്ടറി, പ്രാഥമിക വിദ്യാഭ്യാസ പ്രൊജക്ട് ഡയറക്ടർ, ലേബർ കമീഷണർ, യൂണിസെഫ് അണ്ടർ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രഥമ ചെയര്‍മാനായും പ്രവർത്തിച്ചു.


ഓഖി ചുഴലിക്കാറ്റ്, 2018ലെ പ്രളയം എന്നിവയുടെ സമയത്ത് റവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2009 മുതൽ 2012വരെ കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യയുടെ ‘കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്‌സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്‌സ്' ആയി സേവനമനുഷ്ഠിച്ചു. ക്യാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ അദ്ദേഹം കൈക്കൊണ്ട നടപടി അന്താരാഷ്ട്ര ശ്രദ്ധ നേടി. ഭാര്യ: ഉഷ. മക്കൾ: ഗോഡ്‌ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്). മരുമക്കൾ: സ്നേഹ അനിൽ (സീനിയർ ബിസിനസ് അനലിസ്റ്റ്, അൽ ഘുറൈർ), ഡോ. ജോമി ജേക്കബ് (പീഡിയാട്രീഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home