പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ മരുന്നിന് എഫ്ഡിഎ അംഗീകാരം; കീമോയെക്കാൾ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ : പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ മരുന്നായ ഡാറാക്സോൺറാസിബിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. പുതിയ മരുന്ന് കീമോതെറാപ്പിയേക്കാൾ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
റസോൺക്യൂ എന്ന പേരിലാണ് ഡാറാക്സോൺറാസിബ് വിപണിയിലെത്തുന്നത്. പാൻക്രിയാറ്റിക് കാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുന്നത് ആർഎഎസ് പ്രോട്ടീനുകളാണ്. റസോൺക്യൂ ആർഎഎസ് പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്നു. RASolute 302 എന്ന ഫേസ് 3 ക്ലിനിക്കൽ ട്രയലിനൊടുവിലാണ് മരുന്നിന് അംഗീകാരം നൽകിയത്. പാൻക്രിയാറ്റിക് കാൻസർ ചികിത്സയിലെ ഏറ്റവും വലിയ മുന്നേറ്റമായാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ഇതിനെ ചൂണ്ടിക്കാട്ടുന്നത്.
മുൻകാല ചികിത്സയ്ക്ക് ശേഷവും അർബുദം മൂർച്ഛിവരിലായിരുന്നു പരീക്ഷണം. മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ ബാധിച്ച 500 മുതിർന്നവരെ പരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഒന്നുകിൽ ഡാറാക്സോൺറാസിബോ അല്ലെങ്കിൽ ഫിസിഷ്യൻ തിരഞ്ഞെടുക്കുന്ന സ്റ്റാൻഡേർഡ് കീമോതെറാപ്പിയോ നൽകിയായിരുന്നു പരീക്ഷണം.
തുടർന്ന് ഡാറാക്സോൺറാസിബ് നൽകിയവരിൽ 13.2 മാസവും കീമോതെറാപ്പി നൽകിയവരിൽ 6.7 മാസവുമാണ് അതിജീവനനിരക്ക് എന്നു കണ്ടെത്തിയത്. മരണസാധ്യത ഏകദേശം 60% കുറഞ്ഞുവെന്നും പഠനം പറയുന്നു. ചില രോഗികളിൽ ഈ മരുന്ന് ട്യൂമർ ചുരുക്കുക മാത്രമല്ല മറിച്ച് ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം രോഗികളിൽ അതിജീവന കാലയളവ് മെച്ചപ്പെടുത്താനായെന്നും ഗവേഷകർ പറയുന്നു.









0 comments