കോക്രോച്ച് ജനതാ പാർട്ടി എക്സ് അക്കൗണ്ട് വിലക്ക് നീക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്ത 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ അടിയന്തരമായി അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ് നൽകി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ വിധി.
ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ "അനാവശ്യമായ ആശയക്കുഴപ്പങ്ങളും അരാജകത്വവും" ഉണ്ടാകുന്നു എന്നാരോപിച്ചാണ് സോഷ്യൽ മീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ഈ വാദം പരിശോധിച്ച കോടതി ഇനി വിലക്ക് തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
"നീറ്റ് പരീക്ഷകൾ ഇതിനകം തന്നെ പൂർത്തിയായ സാഹചര്യത്തിൽ, മുൻപ് ഉന്നയിക്കപ്പെട്ട പ്രധാന ആശങ്കയ്ക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. ഈ സാഹചര്യത്തിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കുന്നു. ഹർജി അനുവദിച്ചിരിക്കുന്നു." — ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചില പരാമർശങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, മേയ് 15-നാണ് ഡിജിറ്റൽ പരിഹാസ പ്രസ്ഥാനം എന്ന നിലയിൽ സിജെപി രൂപീകൃതമാകുന്നത്. മേയ് 21-നാണ് ഇവരുടെ ആദ്യ അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യുന്നത്. എന്നാൽ തൊട്ടുപിന്നാലെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ അക്കൗണ്ടുമായി സജീവമായി. നിലവിൽ ഈ ഹാൻഡിലിന് 2.27 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
തികച്ചും വ്യത്യസ്തമായ പ്രതീകാത്മകതയും ഡിജിറ്റൽ പ്രചാരണ തന്ത്രങ്ങളുമാണ് ഈ കൂട്ടായ്മയുടേത്. ഒരു പ്രതിഷേധ രൂപമെന്ന നിലയിലാണ് അണികൾ 'കോക്രോച്ച്' അഥവാ പാറ്റ എന്ന സ്വത്വം ഉപയോഗിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റലെ വിദ്യാഭ്യാസ മേഖലയിലെ വ്യവസ്ഥാപിത പരാജയങ്ങളും നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയും മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ശക്തമായ സമരം തുടരുകയാണ്.
ആരോഗ്യം ആശങ്കയിൽ
സമരം തുടരുമെന്ന് വാങ്ചുക്
ഡൽഹിയിലെ ജന്തർ മന്തറിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെനേതൃത്വത്തിൽ സമരം നടക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു.
നിരാഹാരം ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം അദ്ദേഹത്തിന്റെ ശരീര ഭാരം 6.9 കിലോയിലധികം കുറഞ്ഞു. രക്തസമ്മർദ്ദവും ഷുഗർ ലെവലും തുടർച്ചയായി താഴുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. "ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിദ്യാർത്ഥികളുടെ ഭാവിക്ക് വേണ്ടി സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.











0 comments