ad
Deshabhimani

കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കില്ല

wild elephant kothamangalam
വെബ് ഡെസ്ക്

Published on Jul 07, 2026, 03:25 PM | 1 min read

പെരുമ്പാവൂർ: കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കില്ല. ആനയെ കാട്ടിലേക്ക് തന്നെ തുരത്താനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ വ്യക്തമാക്കി. നിലവിൽ ആനയെ കിണറ്റിൽ നിന്നും പുറത്തെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. എന്നാൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റതിനാൽ തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാർക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റിൽ വീണത്. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. തുമ്പിക്കൈയിലെ മുറിവ് തനിയെ മാറുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. ചികിത്സ വേണമെങ്കിൽ നൽകും. ആനയെ കയറ്റിവിട്ടതിന് ശേഷം നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.


കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയിൽ മോസ്കിനു സമീപം കട്ടായത്ത് അലിയാരിൻറെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ കാട്ടാന വീണത്. കിണറിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. കിണറിൻറെ വശം ഇടിച്ച് ആനയെ കയറ്റുവാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആനയുടെ വിഷയത്തിൽ ശാശ്വതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ സമരമാണ് കുട്ടംപുഴയിൽ തുടർന്നിരുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home