ad
Deshabhimani

പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ എണ്ണയുദ്ധം; വിപണി പിടിക്കാൻ മത്സരം

OPEC

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File

വെബ് ഡെസ്ക്

Published on Jul 07, 2026, 04:16 PM | 4 min read

ലണ്ടൻ : പശ്ചിമേഷ്യൻ യുദ്ധത്തിനുശേഷം വിപണിയിലെ മേധാവിത്വം തിരിച്ചുപിടിക്കാൻ എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്കിടയിൽ കടുത്ത മത്സരം ആരംഭിച്ചിരിക്കുകയാണ്. യുഎഇ തുടക്കമിട്ട ഈ നീക്കം വരും ദിവസങ്ങളിൽ എണ്ണവില ഗണ്യമായി കുറയാനും ഒപെക്കിന്റെ സ്വാധീനം കൂടുതൽ ദുർബലപ്പെടാനും കാരണമായേക്കും. നാല് മാസം നീണ്ടുനിന്ന യുദ്ധത്തെത്തുടർന്ന് ഖജനാവ് ശൂന്യമായ ഗൾഫ് രാജ്യങ്ങൾക്ക് വരുമാനം കണ്ടെത്തേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്.


ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്ന സമയത്ത് ടാങ്കറുകളിലും സംഭരണശാലകളിലുമായി കെട്ടിക്കിടക്കുന്ന ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ വിറ്റഴിക്കാൻ ഈ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. ഈ സംഭരണശാലകൾ ഒഴിഞ്ഞാൽ മാത്രമേ യുദ്ധത്തിൽ തകർന്ന എണ്ണവാതക പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കൂ.


ഈ മത്സരത്തിൽ യുഎഇയാണ് ആദ്യ ചുവടുവെപ്പ് നടത്തിയത്. ജൂൺ 17ന് യുഎസും ഇറാനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നതോടെ ജൂണിൽ യുഎഇയുടെ എണ്ണ കയറ്റുമതി റെക്കോർഡ് നിരക്കായ 3.8 ദശലക്ഷം ബാരൽ ആയി ഉയർന്നതായി കെപ്ലർ ഡാറ്റ വ്യക്തമാക്കുന്നു. എണ്ണപ്പാടങ്ങളിലെ ഉൽപ്പാദനം സാവധാനത്തിലാണ് വീണ്ടെടുക്കുന്നതെങ്കിലും നിലവിൽ കയറ്റി അയച്ച വലിയൊരു പങ്ക് എണ്ണയും സംഭരണശാലകളിൽ സൂക്ഷിച്ചിരുന്നവയാണ്. ആറ് പതിറ്റാണ്ടുകാലത്തെ അംഗത്വത്തിന് ശേഷം കഴിഞ്ഞ മെയ് മാസത്തിൽ ഒപെക് വിടാനുള്ള അബുദാബിയുടെ തീരുമാനം ഈ മത്സരത്തിന് കൂടുതൽ ആക്കം കൂട്ടി.


ഒപെക്കിന്റെ തലവനായ സൗദി അറേബ്യയും എണ്ണ ഉൽപ്പാദനം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ജൂണിൽ ഇവരുടെ കയറ്റുമതി 4.5 ദശലക്ഷം ബിപിഡിയിൽ എത്തി. ജൂലൈ മാസത്തിൽ ഇത് 6.4 ദശലക്ഷം ബാരൽ ആയി ഉയരുമെന്നാണ് കരുതുന്നത്. യുദ്ധസമയത്ത് ഉൽപ്പാദനം നിർത്തിവെച്ചിരുന്ന ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളും 5 ​ദശലക്ഷം ബാരൽ വീതം ഹോർമുസ് വഴി കയറ്റി അയച്ച് തിരിച്ചെത്തിയിട്ടുണ്ട്.


മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഹോർമുസ് വഴിയുള്ള ആകെ കയറ്റുമതി നാലിരട്ടിയോളം വർധിച്ച് പ്രതിദിനം 4.2 ദശലക്ഷം ബാരൽ ആയി ഉയർന്നു. ഹോർമുസ് പാത ഒഴിവാക്കി മറ്റ് തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി കൂടി കണക്കിലെടുത്താൽ ഇത് ഏകദേശം പ്രതിദിനം 10.5 ദശലക്ഷം ബാരൽ വരും. യുദ്ധത്തിന് മുൻപുള്ള ശരാശരി നിരക്കായ 17 ദശലക്ഷം ബാരലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. എന്നിരുന്നാലും കടുത്ത യുദ്ധപ്രതിസന്ധിയിൽ നിന്നുള്ള ഒരു തിരിച്ചുവരവാണ് പശ്ചിമേഷ്യയിലെ എണ്ണ വിപണി ഇപ്പോൾ കാഴ്ചവെക്കുന്നത്. വെറും ഒരു മാസം മുൻപ് വരെ ആ​ഗോലതലത്തിൽ നിലനിന്നിരുന്ന ഊർജ്ജ പ്രതിസന്ധിയിൽ നിന്നും വിപണി ഇപ്പോൾ തികച്ചും വിപരീതമായ മറ്റൊരു സാഹചര്യത്തിലേക്കാണ് മാറിയിരിക്കുന്നത്.


ഗൾഫ് മേഖലയിൽ നിന്നും ഒന്നിച്ച് എണ്ണ കയറ്റുമതി പുനഃരാരംഭിച്ചതോടെ വാങ്ങാൻ ആളില്ലാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഏഷ്യയിലെയും യൂറോപ്പിലെയും ഭൂരിഭാഗം റിഫൈനറികളും ആഗസ്ത് മാസം വരെയുള്ള എണ്ണ ആവശ്യകതകൾ മുൻകൂട്ടി തന്നെ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള പരിമിതമായ ഡിമാൻഡിലേക്ക് തങ്ങളുടെ എണ്ണ വിറ്റഴിക്കാൻ ഗൾഫ് ഉൽപ്പാദകർക്ക് ഇപ്പോൾ പരസ്പരം കടുത്ത മത്സരം കാഴ്ചവെക്കേണ്ടി വരികയാണ്.


ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചില സന്ദർഭങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് നിരക്കിനേക്കാൾ ബാരലിന് 20 ഡോളർ വരെ കടുത്ത വിലക്കിഴിവാണ് ഉൽപ്പാദകർ വാഗ്ദാനം ചെയ്യുന്നത്. സൗദി അറേബ്യയിലെ പ്രമുഖ എണ്ണയിനമായ 'അറബ് ലൈറ്റിന്റെ' ആഗസ്ത് മാസത്തെ ഔദ്യോഗിക വില ഒമാൻ/ദുബായ് ബെഞ്ച്മാർക്കിനേക്കാൾ ബാരലിന് 1.50 ഡോളർ കുറച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈയിൽ ഇത് 9.50 ഡോളർ പ്രീമിയത്തിലായിരുന്നു എന്നതോർക്കണം. ഇത് 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെന്നു മാത്രമല്ല കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റയടിക്കുള്ള മാസാവസാന വിലവെട്ടിക്കുറയ്ക്കലുമാണ്. ഈ വിലക്കുറവ് ഇപ്പോൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.


കഴിഞ്ഞ ജൂണിൽ എണ്ണ ഇറക്കുമതി പ്രതിദിനം 5.84 ദശലക്ഷം ബാരലിലേക്ക് ചുരുക്കിയ ചൈന നിലവിലെ വലിയ വിലക്കിഴിവ് മുതലെടുത്ത് വൻതോതിൽ എണ്ണ വാങ്ങിക്കൂട്ടാൻ ആരംഭിച്ചിട്ടുണ്ട്. ഏഷ്യയ്ക്ക് പുറമെ പരമ്പരാഗതമായി വലിയ സ്വാധീനമില്ലാത്ത നൈജീരിയ, തുർക്കി, യു.എസിന്റെ പടിഞ്ഞാറൻ തീരം തുടങ്ങിയ വിപണികളിലേക്കും യുഎഇയുടെ നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക് തങ്ങളുടെ എണ്ണ എത്തിച്ചുകഴിഞ്ഞു.


വിപണിയിലെ വിഹിതം പിടിച്ചെടുക്കാൻ എണ്ണ ഉൽപ്പാദകർ തമ്മിൽ മത്സരിക്കുന്നത് ഇതാദ്യമല്ലെങ്കിലും ഒപെക് കൂട്ടായ്മയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ ഇത്രത്തോളം പരസ്യമായി പുറത്തുവരുന്നത് അപൂർവ്വമാണ്. യുഎഇയുടെ പിന്മാറ്റവും, പ്രമുഖ അംഗരാജ്യങ്ങൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഇറാൻ യുദ്ധവും ഒപെക്കിനെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.


കഴിഞ്ഞ ഞായറാഴ്ച റഷ്യ ഉൾപ്പെടെയുള്ള ഒപെക് പ്ലസ് സഖ്യം തങ്ങളുടെ ഒത്തൊരുമ പ്രകടിപ്പിക്കാനായി ആഗസ്ത് മുതൽ പ്രതിദിന ഉൽപ്പാദനം 188,000 ബാരൽ കൂടി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. യുദ്ധം തുടങ്ങിയ ശേഷമുള്ള ആകെ ഉൽപ്പാദന വർധനവ് ഇതോടെ പ്രതിദനം 800,000 ബാരൽ ആയി മാറി. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നപ്പോൾ ഈ വർധനവ് രേഖകളിൽ മാത്രമായിരുന്നു. ഹോർമുസ് പാത തുറന്നതോടെ ഈ എണ്ണയെല്ലാം വിപണിയിലേക്ക് കുതിച്ചെത്തുകയാണ്. എന്നാൽ അടുത്ത വർഷം ആഗോള വിപണിയിൽ ഡിമാൻഡിനേക്കാൾ പ്രതിദിനം 5 ദശലക്ഷം ബാരൽ അധികം എണ്ണ വിപണിയിലുണ്ടാകുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പ്രവചിക്കുന്നത്.


മുൻകാലങ്ങളിൽ വിപണിയിൽ ഇത്തരം അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ഒപെക് ഇടപെട്ട് ഉൽപ്പാദനം കുറച്ച് വില നിയന്ത്രിക്കുമായിരുന്നു. എന്നാൽ യുദ്ധം കാരണം മാസങ്ങളായി വരുമാനം നഷ്ടപ്പെട്ട ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെ ഉൽപ്പാദനം കുറയ്ക്കാൻ പ്രേരിപ്പിക്കുക സൗദിക്ക് ഇപ്പോൾ എളുപ്പമല്ല. യുദ്ധസമയത്ത് സൗദിക്ക് മറ്റ് ബദൽ കയറ്റുമതി പാതകൾ ലഭ്യമായിരുന്നതിനാൽ അവരുടെ വരുമാനത്തെ അത് കാര്യമായി ബാധിച്ചിരുന്നില്ല.


നിലവിൽ സൗദി അറേബ്യയുടെ മുന്നിലുള്ളത് രണ്ട് കഠിനമായ വഴികളാണ്. ഒന്ന്, നിയന്ത്രണങ്ങൾ ഒഴിവാക്കി അംഗരാജ്യങ്ങളെ അവരുടെ പരമാവധി എണ്ണ ഉൽപ്പാദിപ്പിക്കാൻ അനുവദിക്കുക എന്നതാണ്. അങ്ങനെ വന്നാൽ എണ്ണവില കുത്തനെ ഇടിയും. യുദ്ധസമയത്ത് ബാരലിന് 118 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ തന്നെ 70 ഡോളറിലേക്ക് താഴേക്കുവന്നു കഴിഞ്ഞു. രണ്ടാമത്തെ വഴി നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുക എന്നതാണ്, എന്നാൽ ഉൽപ്പാദനം കുറയ്ക്കാൻ സൗദി കർശനമായി ആവശ്യപ്പെട്ടാൽ ഒപെക് സംഘടനയ്ക്ക് സ്വന്തം അംഗങ്ങൾക്ക് മേൽ ഇപ്പോൾ എത്രത്തോളം കുറഞ്ഞ സ്വാധീനമേയുള്ളൂ എന്നത് പരസ്യമായി വെളിപ്പെടും.


ഉൽപ്പാദനം വർധിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ ഒപെക് വിടുമെന്ന് ഇറാഖ് ഇപ്പോൾ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിക്കഴിഞ്ഞു. ചുരുക്കത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ഗൾഫിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്കിടയിൽ ആരംഭിച്ച ഈ കടുത്ത മത്സരം 66 വർഷത്തെ പാരമ്പര്യമുള്ള ഒപെക് എന്ന ശക്തമായ ആഗോള കൂട്ടായ്മയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയും അതിന്റെ സ്വാധീനം വെറും നിസ്സാരമായി മാറാൻ കാരണമാവുകയും ചെയ്തേക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home