മേപ്പാടി മണ്ണിടിച്ചിൽ: ടാങ്കർ ലോറി വരെ ഒലിച്ചു പോയി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെള്ളവും മണ്ണും ചേർന്ന് ശക്തമായി താഴേയ്ക്ക് പതിക്കുന്ന സിസിടിവി ദൃശ്യമാണ് പുറുവന്നത്. ടാങ്കർ ലോറി അടക്കം മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചു വരുന്നതും ഓടിരക്ഷപെടുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം.
വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഒന്‍പത് പേർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴുപേരെ കാണാതായതായും വിവരം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ എന്ന ജയ (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ചുളിക്ക ഗവ. എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. മേപ്പാടിയില്‍ നിർമാണം നടക്കുന്ന ഭാഗത്തിന് സമീപത്തെ മണ്ണെടുത്ത പ്രദേശത്തുനിന്ന് വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയേറിയ സാഹചര്യത്തിലാണ് നടക്കുന്നത്.










0 comments