ad
Deshabhimani

ഡിജിറ്റൽ സേവനം വിപുലീകരിച്ച്‌ ‘പാർക്കിൻ’: ഇന്റർനാഷണൽ സിറ്റിയിൽ ഫെബ്രുവരിമുതൽ പണമടച്ചുള്ള പാർക്കിങ്‌

parkin dubai
വെബ് ഡെസ്ക്

Published on Jan 20, 2026, 10:41 AM | 1 min read

ദുബായ്: നഗരത്തിലെ പാർക്കിങ്‌ സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങളുമായി ‘പാർക്കിൻ’ കമ്പനി. പാർക്കിങ്‌ പെർമിറ്റുകളും സബ്‌സ്‌ക്രിപ്‌ഷനുകളും വിപുലീകരിക്കുന്നതോടൊപ്പം ഡിജിറ്റൽ സേവനങ്ങൾ പൂർണതോതിൽ ലഭ്യമാക്കാനാണ് ലക്ഷ്യം.


ഫെബ്രുവരി ഒന്നുമുതൽ ഇന്റർനാഷണൽ സിറ്റിയിൽ പണമടച്ചുള്ള പാർക്കിങ്‌ സംവിധാനം നിലവിൽ വരും. പ്രദേശത്തെ താമസക്കാരുടെ എണ്ണത്തിന് അനുപാതമായി പാർക്കിങ്‌ അപര്യാപ്തമായ സാഹചര്യത്തിലാണ് തീരുമാനം. റെസിഡൻഷ്യൽ യൂണിറ്റുകൾക്ക് ആദ്യ പാർക്കിങ്‌ പെർമിറ്റ് സൗജന്യമായി ലഭിക്കും.


പാർക്കിങ്‌ പെർമിറ്റിനുള്ള യോഗ്യത ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ലാൻഡ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ ഡാറ്റയുമായി ബന്ധിപ്പിച്ച് പരിശോധിക്കും. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത താമസക്കാർക്കേ സൗജന്യ പെർമിറ്റിന് അർഹതയുണ്ടാകൂ. സന്ദർശകരുടെയും ഷോപ്പിങ്ങിന് എത്തുന്നവരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്റർനാഷണൽ സിറ്റിയിൽ പണമടച്ചുള്ള പ്രത്യേക പാർക്കിങ്‌ മേഖലകളും സജ്ജീകരിക്കും.


ഹോട്ടലുകൾ, ബാങ്കുകൾ, ആശുപത്രികൾ, നിർമാണ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കായി പ്രത്യേകം പണമടച്ചുള്ള പാർക്കിങ്‌ റിസർവേഷൻ സംവിധാനവും ഒരുക്കും. എമിറാത്തി പൗരന്മാർക്ക് അവരുടെ വീടുകൾക്ക് മുന്നിൽ സ്വകാര്യത ഉറപ്പാക്കുന്നതിനായി നിലവിലുള്ള സൗജന്യ പാർക്കിങ്‌ റിസർവേഷനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
പാർക്കിങ്‌ സേവനങ്ങൾ ഇപ്പോൾ പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കാണ് മാറ്റിയിരിക്കുന്നത്.


വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്പിലൂടെയും 18 തരത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഏഴ് പെർമിറ്റ് വിഭാഗങ്ങളും നാല് റിസർവേഷൻ ഓപ്ഷനുകളും ലഭ്യമാണെന്നും ‘പാർക്കിൻ’ വ്യക്തമാക്കി. മുമ്പ് ആർടിഎ കൈകാര്യം ചെയ്തിരുന്ന സേവനങ്ങൾ ഇനി ‘പാർക്കിൻ’ നിയന്ത്രിക്കും. ദുബായ്ക്ക് പുറമെ മറ്റ് എമിറേറ്റുകളിലെ പാർക്കിങ്‌ ഫീസ് അടയ്ക്കാനും പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും.


ഉപയോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യമെന്ന്‌ പാർക്കിൻ സിഒഒ ഉസാമ അൽ സഫി പറഞ്ഞു. ഇതിലൂടെ സംവിധാനം കൂടുതൽ സുതാര്യമാകും. 2025-ഓടെ പാർക്കിങ്‌ മേഖലയിലുടനീളം വൻ മാറ്റങ്ങൾ നടപ്പാക്കാനാണ് കമ്പനിയുടെ പദ്ധതി. മൂന്ന് മാസത്തിലൊരിക്കൽ പാർക്കിങ്‌ ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തി ഡാറ്റയുടെ അടിസ്ഥാനത്തിൽ പരിഷ്‌കാരം വരുത്തും. 2026-ഓടെ കൂടുതൽ നൂതന സേവനങ്ങൾ ദുബായിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home